വന്ദേമാതരം വിവാദം; രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ? ബിജെപി പറയുന്നത് പൂർണമായി നടപ്പിലാക്കുകയാണ് യുഡിഎഫ് സർക്കാർ: പി രാജീവ്


ബിജെപി പറയുന്നത് പൂർണമായി നടപ്പിലാക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് മുൻ മന്ത്രി പി രാജീവ്. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കേരളത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന സർക്കാർ ഉത്തരവിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ‘ഹർ ഘർ തിരംഗ’ ആഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും പാടണമെന്നാണ് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നൽകിയ നിർദേശത്തിൽ പറയുന്നത്. വിദ്യാഭ്യാസമന്ത്രി ഷംസുദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് പി രാജീവ് പറഞ്ഞു. ഗവർണർ പറഞ്ഞത് അപ്പാടെ ചെയ്യാമെന്നാണ് മന്ത്രി പറയുന്നത്. രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാരെന്ന് പി രാജീവ് ചോദിച്ചു. രാജ്ഭവൻ അത്തരത്തിലൊരു ഉത്തരവ് നൽകിയിട്ടില്ല. ജനാധിപത്യത്തിൽ തെരഞ്ഞെടുത്ത സർക്കാരിനാണ് പ്രധാന്യം. ഭരണഘടനാപരമായി ദേശീയ ഗീതത്തിന് അനുമതി ഇല്ല. പുതിയ ഗവൺമെന്റ് വന്നതിനുശേഷം കാവിവൽക്കരണം ത്വരിതപ്പെടുകയാണ്. മന്ത്രിമാരുടെ പ്രതികരണങ്ങളിലെ വൈരുധ്യം സർക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിൽ വീഴ്ച സംഭവിച്ചുവെന്നും പി രാജീവ് പറഞ്ഞു.



Post a Comment

0 Comments