കാസർഗോഡ് ജില്ലയിലെ രാജഗിരി, പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയ സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും അടിയന്തരമായി ഡോക്ടർമാരെ നിയമിച്ച് ആശുപത്രി തുറന്നുപ്രവർത്തിപ്പിക്കണമെന്നും മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ആവശ്യപ്പെട്ടു.
വാർത്ത അറിഞ്ഞ ഉടനെ “എന്തൊരു കഷ്ടമാണിത്” എന്നായിരുന്നു ശൈലജ ടീച്ചറുടെ ആദ്യ പ്രതികരണം. വലിയ പ്രതീക്ഷയോടെയാണ് എൽഡിഎഫ് സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. രോഗപ്രതിരോധം ശക്തമാക്കുവാനും സാധാരണക്കാർക്ക് പെട്ടെന്ന് തന്നെ മികച്ച ചികിത്സ ലഭ്യമാക്കുവാനുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്. ഒരു ഡോക്ടർക്ക് പകരം മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തി. വൈകുന്നേരം വരെ ഒപി നിശ്ചയിച്ചു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലബോറട്ടറി സൗകര്യം ഏർപ്പെടുത്തി.
അങ്ങനെ ഏറ്റവും ആധുനികമായ ആശുപത്രി സേവനം സാധാരണ ജനങ്ങൾക്ക് നൽകാനുള്ള നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അതിപ്പോ അടച്ചുപൂട്ടുന്നുവെന്ന് കേൾക്കുന്നത് വല്ലാത്ത മനഃപ്രയാസം ഉണ്ടാക്കുന്നു. ആരോഗ്യ മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്ന് സർക്കാർ പരിശോധിക്കണം. ജനങ്ങളെ ഇങ്ങനെ കഷ്ടത്തിലാക്കരുത്. കേരളത്തിലെ ആരോഗ്യമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പ്രൈമറി ഹെൽത്ത് സിസ്റ്റം. രോഗപ്രതിരോധമടക്കം ഉണ്ടാകേണ്ട സ്ഥലമാണത്. അവിടെയാണ് ഇത്തരമൊരു അനാസ്ഥ ഉണ്ടായിരിക്കുന്നത്. ആവശ്യമായ ഡോക്ടർമാരെ നിയമിച്ചുകൊണ്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നും ശൈലജ ടീച്ചർ ആവശ്യപ്പെട്ടു.
ആദിവാസി ജനവിഭാഗങ്ങൾ ആശ്രയിക്കുന്ന ഈ കുടുംബാരോഗ്യ കേന്ദ്രം കെ കെ ശൈലജ ടീച്ചർ ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കെയാണ് നവീകരിച്ച് ഉദ്ഘാടനം ചെയ്തത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ ആശുപത്രിയായിരുന്നു ഇത്.
പനിയും മറ്റ് അസുഖങ്ങളും പടരുന്ന സമയത്താണ് മലയോര ജനതയെ ദുരിതത്തിലാക്കി, ആരോഗ്യ വകുപ്പ് ആശുപത്രി അടച്ചിട്ടത്. നിരവധി ഉന്നതികളുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയാണ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം. കർണാടകയിൽ നിന്ന് പോലും ജനങ്ങൾ ഈ ആശുപത്രിയെ ആശ്രയിക്കാറുണ്ട്. ഇത് അടച്ചുപൂട്ടിയതോടെ ഇനി മുതൽ ആദിവാസി ജനവിഭാഗം കിലോമീറ്ററുകൾ താണ്ടി വേണം മറ്റൊരു ആശുപത്രിയിലെത്താൻ.


.gif)



0 Comments