സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ മരണത്തിൽ എഡിഎമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുടുംബം


കാസര്‍കോട്: കാസര്‍കോട് കളക്‌ട്രേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തില്‍ എഡിഎമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുടുംബം. ജോലി സ്ഥലത്തെ സമ്മര്‍ദ്ദം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറഞ്ഞു. ബന്ധുക്കളോട് പല തവണ ആശാലത അത് പറഞ്ഞിട്ടുണ്ടെന്നാണ് സഹോദരന്‍ നിജിത് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കുടുംബത്തിന്റെ മൊഴിയെടുത്തിട്ടില്ലെന്ന് ഭര്‍ത്താവ് അജയനും ആരോപിക്കുന്നുണ്ട്. ഓഫീസില്‍ ഒറ്റപ്പെട്ടു എന്നാണ് മരിക്കുന്നതിന് മുമ്പ് തന്നോട് പറഞ്ഞെതെന്നും അജയന്‍ പറയുന്നു. എന്നാല്‍ സ്ഥലം മാറ്റമോ ഓഫീസിലെ സമ്മര്‍ദ്ദമോ അല്ല ആത്മഹത്യക്ക് കാരണമെന്നായിരുന്നു എഡിഎമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആശാലതയുടെ ആത്മഹത്യയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആരോപണങ്ങളുമായി കുടുംബം രംഗത്തുവന്നിരുന്നു. റവന്യൂ വകുപ്പില്‍ നിന്ന് എന്റോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയതില്‍ വലിയ മാനസിക പ്രയാസം അവര്‍ നേരിട്ടിരുന്നു എന്നാണ് കുടുംബം ആരോപിച്ചിരുന്നത്. രാഷ്ട്രീയ പ്രേരിതമായ സ്ഥലം മാറ്റമായിരുന്നെന്നും ഓഫീസില്‍ താന്‍ ഒറ്റപ്പെടുന്നെന്നും ആശാലത പറഞ്ഞതായാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം ഇതില്‍ കടുത്ത വിമര്‍ശനം സര്‍ക്കാരിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജില്ലാ കളക്ടര്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കാസര്‍കോട് എഡിഎമ്മിനായിരുന്നു അന്വേഷണ ചുമതല. ഇന്ന് കളക്ടര്‍ക്ക് സമര്‍പ്പിക്കാനിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരെ വെള്ളപൂശുന്നു എന്നാണ് കുടുംബം ഉന്നയിക്കുന്ന വിമര്‍ശനം. ആശാലതയുടെ വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കുടുംബം പറയുന്നത്. കൂടാതെ ആശാലത വിഷം കഴിച്ച് ആശുപത്രിയില്‍ കഴിയുന്ന ഘട്ടത്തില്‍ പൊലീസ് എടുത്ത മരണമൊഴിയില്‍ അടക്കം ഓഫീസില്‍ ഒറ്റപ്പെട്ടെന്നും അത് തന്റെ മാനസിക നിലയെ തന്നെ ബാധിച്ചെന്നും അവര്‍ പറഞ്ഞതായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.



Post a Comment

0 Comments