ലാപ്‌ടോപ്പും ദ്രാവക വസ്തുക്കളും ഇനി പുറത്തെടുക്കേണ്ട; വൻ മാറ്റങ്ങളുമായി ദുബായ് രാജ്യാന്തര വിമാനത്താവളം


സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പുതിയ മാറ്റങ്ങളുമായി ദുബായ് വിമാനത്താവളം മാറുകയാണ്. സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ വേഗത്തിലും എളുപ്പവുമാക്കാന്‍ അത്യാധുനിക സ്‌കാനറുകള്‍ സ്ഥാപിക്കുന്ന പുതിയ സാങ്കേതികവിദ്യ വിമാനത്താവളത്തില്‍ കടന്നുവരുന്നു. ഇതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് അവരുടെ ഹാല്‍ഡ്ബാഗുകളില്‍ നിന്ന് ലാപ്‌ടോപ്പുകളും ദ്രാവകങ്ങളടക്കമുള്ള വസ്തുക്കളും ബാഗുകളില്‍ നിന്നും പുറത്തെടുക്കാതെ തന്നെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന വന്‍ സാങ്കേതിക നവീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ മാറ്റങ്ങളെന്ന് ദുബായ് എയര്‍പോര്‍ട്‌സ് ചീഫ് എക്‌സിക്യബൂട്ടീവ് ഓഫീസര്‍ പോള്‍ ഗ്രിഫിത്സ് പറഞ്ഞു. പഴയ സ്‌കാനിങ് യന്ത്രങ്ങള്‍ക്ക് പകരം പുതിയ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന നടപടികള്‍ വിമാനത്താവളത്തില്‍ ഇതിനോടകം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ പരിശോധനകള്‍ കുറഞ്ഞ സമയംകൊണ്ട് പൂര്‍ത്തിയാക്കാനും യാത്രക്കാരുടെ അനാവശ്യ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പുതിയ സംവിധാനം സഹായിക്കും. ഘട്ടം ഘട്ടമായി വിമാനത്താവളത്തിലെ മുഴുവന്‍ പഴയ യന്ത്രങ്ങളും മാറ്റി പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് തീരുമാനം എന്നും അധികൃതര്‍ പറഞ്ഞു. മുന്‍പ് ഹാന്‍ഡ് ബാഗുകള്‍ തുറന്ന് ലാപ്‌ടോപ്പ്, ദ്രാവകവസ്തുക്കള്‍ തുടങ്ങിയവ പ്രത്യേകം ട്രേകളിലേക്ക് മാറ്റിവെച്ചുകൊണ്ടുള്ള പരിശോധനാ രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ബാഗുകള്‍ തുറക്കാതെ തന്നെ അതിനുള്ളിലെ സാധനങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ കഴിയുന്ന പുതിയ സ്‌കാനറുകള്‍ വരുന്നതോടെ പഴയ രീതികള്‍ അവസാനിക്കും. ഹാന്‍ഡ്ബാഗുകളുടെയും ചെക്ക് ഇന്‍ ബാഗുകളുടെയും പരിശോധനയ്ക്കായി പുതിയ ഉപകരണം സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയപ്പോള്‍ തന്നെ മികച്ച ഫലമാണ് ഇതിലൂടെ ലഭിച്ചതെന്നും അതുകൊണ്ടുതന്നെ സര്‍വീസ് കൂടുതല്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ടെര്‍മിനല്‍ ഒന്ന് ഉള്‍പ്പെടെ വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സുരക്ഷാ സജ്ജീകരണങ്ങളും പരിഷ്‌കരിക്കുന്നത്. ടെര്‍മിനല്‍ ഒന്നില്‍ പുതിയ ഫ്‌ലോറിങ് നടത്തുന്നതിനൊപ്പം കൂടുതല്‍ സുരക്ഷാ ലൈനുകളും ക്രമീകരിക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളില്‍ പോലും തടസ്സമില്ലാതെ പരിശോധന പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കുകയും ചെയ്യും. വലിയ കെട്ടിടങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ പുതിതായി നിര്‍മ്മിക്കാതെ തന്നെ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് വിമാനത്താവളം പുതിയ സാങ്കേതിക നവീകരണത്തിന് ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഇരുപത് ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. സുരക്ഷാ പരിശോധന കേന്ദ്രങ്ങളിലെ മിനിറ്റുകള്‍ നീളുന്ന കാത്തിരിപ്പ് ഒഴിവാക്കാന്‍ കഴിയുന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. കൂടാതെ ബെല്‍റ്റും ഷൂസും അഴിച്ചുവെച്ചുള്ള പഴയ പരിശോധനാ രീതികളും വൈകാതെ പൂര്‍ണമായി അവസാനിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വിമാനത്താവളത്തിനുള്ളിലെ പരിശോധനകളും ഇമിഗ്രേഷന്‍ നടപടികളും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാറുമ്പോള്‍ യാത്രക്കാരുടെ അനുഭവം തന്നെ മാറ്റിമറിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ എത്തി ഒരു തടസ്സവുമില്ലാതെ നേരിട്ട് വിമാനത്തിലേക്ക് കയറാന്‍ സാധിക്കുന്ന സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി സമാധാനത്തോടെയും സന്തോഷത്തോടെയും യാത്രചെയ്യാന്‍ സാധിക്കുന്ന രീതിയിലേക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.



إرسال تعليق

0 تعليقات