വീണാ ജോര്‍ജിനെതിരായ കെഎസ്‌യു പ്രതിഷേധം; കേസ് കെട്ടിചമച്ചതെന്ന് പരാതി, എസ്‌ഐടി രൂപീകരിക്കാന്‍ സര്‍ക്കാര്‍


കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസിലും എസ്‌ഐടി അന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍. ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതെന്നാണ് എംഎല്‍എ പരാതിയില്‍ ആരോപിക്കുന്നത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. നിലവില്‍ റെയില്‍വേ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ചുപേരാണ് കേസില്‍ അറസ്റ്റില്‍ ആയത്. കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രതിഷേധത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രത്യേക അന്വേഷണ സംഘമാണ് ഇത്. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഈ വര്‍ഷം ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അന്നത്തെ ആരോഗ്യമന്ത്രി വീണജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയെങ്കിലും പിന്നീട് ഈ വകുപ്പ് എടുത്തുമാറ്റി. മാരകായുധങ്ങല്‍ ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ആദ്യഘട്ടത്തില്‍ മൊഴിയായി നല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. അന്ന് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ കേസിലാണ് ഇപ്പോള്‍ എസ്‌ഐടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. കേസില്‍ അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. മുമ്പ് ഇന്‍ഡിഗോ വിമാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധത്തില്‍ തുടരന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചിരുന്നു. പീന്നീട് ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസിലും എസ്‌ഐടി രൂപീകരിച്ചിരുന്നു.



Post a Comment

0 Comments