സർവകലാശാലകളിലെ സംഘപരിവാർ കടന്നുകയറ്റത്തിന് യുഡിഎഫ് കൂട്ടുപിടിക്കുന്നു: പിണറായി വിജയൻ


കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ടു വിദ്യാർത്ഥികൾ നടത്തുന്ന സമരത്തെ കള്ളക്കേസുകൾ നൽകി തകർക്കാൻ ശ്രമിക്കുകയാണെന്ന് പിണറായി വിജയൻ വിമർശിച്ചു. തിയേറ്റർ വിഭാഗത്തിലെ വിദ്യാർത്ഥികൾ പ്രവർത്തനരഹിതമായ സ്റ്റേജ് ലൈറ്റുകൾക്ക് പ്രതീകാത്മകമായി അന്തിമോപചാരം അർപ്പിച്ചു നടത്തിയ തെരുവ് നാടകത്തെ വൈസ് ചാൻസലർ സിസ തോമസിന്റെ ശവസംസ്കാരമാക്കി മാറ്റിക്കാണിക്കാൻ വി.സിയും യു.ഡി.എഫ് അനുകൂലികളും വ്യാജപ്രചാരണം നടത്തി വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. വി.സിയെ കയ്യേറ്റം ചെയ്തു എന്ന വ്യാജപരാതി നൽകിയതിനൊപ്പം, ഗവർണർ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് വിളിപ്പിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വിദ്യാർത്ഥികൾക്കെതിരെ കേസ് എടുക്കാൻ കൽപ്പിക്കുകയായിരുന്നു. ഇതിന് ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആഭ്യന്തര മന്ത്രിയും പിന്തുണ നൽകി. കൂടാതെ, സംഘപരിവാർ ബന്ധമുള്ള വി.സിമാർക്ക് ആർ.എസ്.എസ് പരിപാടികളിൽ പരസ്യമായി പങ്കെടുക്കാമെന്നും എന്നാൽ ഡൽഹി ജന്തർ മന്തർ സമരനായികയും വിദ്യാർത്ഥി സംഘടനാനേതാവുമായ ഐഷി ഘോഷിനെ ക്യാമ്പസുകളിൽ വിലക്കുമെന്നുമുള്ള വിചിത്രമായ വിരോധാഭാസമാണ് യു.ഡി.എഫ് സർക്കാരിന്റെ കുറ്റകരമായ മൗനത്തോടെ ഇവിടെ നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറൽ തത്വങ്ങൾ കാറ്റിൽപ്പറത്തി ഗവർണർ അമിതാധികാരം പ്രയോഗിക്കുകയാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തിയതിന് തൊട്ടുപിന്നാലെ പി.എസ്.സി സെക്രട്ടറിയെയും ഗവർണർ നേരിട്ട് വിളിച്ചുവരുത്തി. ഭരണഘടനാ വിരുദ്ധമായ ഈ ഇടപെടലുകൾക്കെതിരെ ഗൗരവപൂർണ്ണമായ നടപടിയോ പ്രതികരണമോ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഗവർണർ മുൻപും ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ ഒഴുക്കൻ മറുപടി ഗവർണറുടെ നിയമവിരുദ്ധ ഇടപെടലുകൾക്ക് പ്രോത്സാഹനമായി മാറുകയാണ്. മുൻപ് എൽ.ഡി.എഫ് ഭരണകാലത്ത് ഗവർണറുടെ ഇത്തരം ഇടപെടലുകളെ ഫലപ്രദമായി ചെറുത്തിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാർ സ്വീകരിച്ച വിചിത്ര നിലപാട് ഒടുവിൽ തിരുത്തേണ്ടി വന്നത് ജനരോഷം കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് അമുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ തിടുക്കം കാട്ടിയ യു.ഡി.എഫ് സർക്കാർ സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ നിയമനം മാറ്റിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. വഖഫ് ബോർഡ് അതിന്റെ കാലാവധി പൂർത്തിയാകുന്നതുവരെ തുടരാൻ അനുവദിക്കുന്നതിന് പകരം കുറുക്കുവഴി സ്വീകരിക്കാനാണ് സർക്കാർ നോക്കിയത്. ഈ കാര്യത്തിൽ വകുപ്പ് കൈകാര്യം ചെയ്യുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ഭാഗത്തുനിന്നും ശരിയല്ലാത്ത നിലപാടാണ് ഉണ്ടായതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.



Post a Comment

0 Comments