കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ മാത്രമാണെന്ന് കെഎൻ ബാലഗോപൽ. കച്ചവടം 200 കോടി പിന്നിട്ടു, 300 കോടിയിലേക്ക് പോകുന്നു തുടങ്ങി സോഷ്യൽ മീഡിയ കാർഡുകൾ സർക്കാർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. എന്നിട്ടും സർക്കാർ വില പിടിച്ചു നിർത്താനാകാതെ നോക്കുകുത്തിയായിരിക്കുന്നുവെന്ന് കെഎൻ ബാലഗോപൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പറയുന്നത് എല്ലാ ഇടപെടലുകളും സർക്കാർ നടത്തിയെന്നാണ് ജനങ്ങളുടെ ജീവിതം ഇത്രയും ദുസ്സഹമാക്കിയതിനുശേഷവും ഇങ്ങനെയൊക്കെ പറയുന്നതിന് ചില്ലറ ധൈര്യം പോരയെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. പച്ചക്കള്ളം പ്രചരിപ്പിച്ചും പി ആർ വർക്ക് നടത്തിയും വി.ഡി സതീശൻ സർക്കാരിന് ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ മാത്രമാണ്. കച്ചവടം 200 കോടി പിന്നിട്ടു, 300 കോടിയിലേക്ക് പോകുന്നു തുടങ്ങി സോഷ്യൽ മീഡിയ കാർഡുകൾ സർക്കാർ തന്നെ പ്രചരിപ്പിക്കുകയാണ്. വിഷയത്തിന്റെ യാഥാർത്ഥ്യം എന്താണ് എന്ന് നമുക്ക് പരിശോധിക്കാം. കഴിഞ്ഞവർഷം ഓണ സീസണിൽ സപ്ലൈകോയുടെ കച്ചവടം 387 കോടിയായിരുന്നു. 57 ലക്ഷം ആളുകൾ സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങി. ഓണം സീസൺ അവസാനിക്കാൻ രണ്ടുദിവസം ബാക്കി നിൽക്കെ ഈ വർഷം ഇതുവരെ സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങിയത് 30 ലക്ഷത്തോളം പേരാണ്. അതായത് കഴിഞ്ഞവർഷത്തേതിന്റെ പകുതി.
പൊതുവിപണിയിലാകട്ടെ പഞ്ചസാരയുടെയും അരിയുടെയും പയറുവർഗ്ഗങ്ങളുടെയും ഉൾപ്പെടെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നിരിക്കുന്നു. ഇന്നലെ പഞ്ചസാരയുടെ വില 80 രൂപയ്ക്ക് അടുത്തെത്തി. അരിക്കും പലവ്യഞ്ജനങ്ങൾക്കും പച്ചക്കറിക്കും എല്ലാം തീപിടിച്ച വിലയാണ്. സർക്കാർ വില പിടിച്ചു നിർത്താനാകാതെ നോക്കുകുത്തിയായിരിക്കുന്നു.
കഴിഞ്ഞ 10 വർഷക്കാലം കേരളത്തിൽ ഓണക്കാലത്ത് റേഷൻ കടകളിലൂടെയും സപ്ലൈകോ മാർക്കറ്റുകളിലൂടെയും ജനങ്ങൾക്ക് നൽകിവന്ന സഹായങ്ങളാകട്ടെ, സർക്കാർ ഇത്തവണ വെട്ടിക്കുറയ്ക്കുകയും ചെയ്തു.
കഴിഞ്ഞവർഷം വരെ റേഷൻ കടകൾ വഴി നീല, വെള്ള കാർഡ് ഉടമകൾക്ക് പത്തു രൂപ 90 പൈസക്ക് ഓണക്കാലത്ത് നല്ല നിലവാരമുള്ള 10 കിലോ അരി നൽകിയിരുന്നു. ഇപ്പോൾ അതിന്റെ വില 26 രൂപയാണ്. കിലോയ്ക്ക് 15 ൽ അധികം രൂപയുടെ വർദ്ധനവ്. കൂടാതെ വെള്ളക്കാർഡ് ഉടമകൾക്ക് സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി 26 രൂപയ്ക്ക് 20 കിലോ അരി വരെ വാങ്ങാൻ കഴിയുമായിരുന്നു. ആ പദ്ധതിയും ഇപ്പോൾ നിലച്ച മട്ടാണ്. ഭൂരിഭാഗം സപ്ലൈകോ ഔട്ട്ലെറ്റുകളിലും സാധനങ്ങൾ സ്റ്റോക്കില്ല എന്ന് മാധ്യമങ്ങൾ തന്നെ പറയുന്നു. റേഷൻ കടകളിലാകട്ടെ ഓണക്കിറ്റുകൾ പൂർണ്ണമായി എത്തിയിട്ടുമില്ല. നാടാകെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോഴും സർക്കാർ പകച്ചു നിൽക്കുകയാണ്.
ഏറ്റവും രസകരമായ കാര്യം യാഥാർത്ഥ്യം ഇതായിരിക്കിലും, മുഖ്യമന്ത്രി പറയുന്നത് എല്ലാ ഇടപെടലുകളും സർക്കാർ നടത്തി എന്നാണ്. കേരളത്തിന്റെ പൊതുവിതരണ രംഗത്ത് കാര്യക്ഷമമായ യാതൊരു ഇടപെടലും നടത്താതെ, ജനങ്ങളുടെ ജീവിതം ഇത്രയും ദുസ്സഹമാക്കിയതിനുശേഷവും ഇങ്ങനെയൊക്കെ പറയുന്നതിന് ചില്ലറ ധൈര്യം പോര.
മുഖ്യമന്ത്രി ചെയ്യേണ്ടത് മുൻ വർഷങ്ങളിലെ വിപണി ഇടപെടലുകൾ സംബന്ധിച്ച കണക്കുകളും ഈ വർഷത്തെ കണക്കുകളും തമ്മിൽ ഒന്ന് താരതമ്യം ചെയ്തു നോക്കുക എന്നതാണ്. പച്ചക്കള്ളം പ്രചരിപ്പിച്ചും പി ആർ വർക്ക് നടത്തിയും വി. ഡി സതീശൻ സർക്കാരിന് ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല.



.gif)


0 Comments