ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം; നടന്‍ അനൂപ് ചന്ദ്രനെ തള്ളി കുടുംബം.

 

കോട്ടയം: ജി സുകുമാരന്‍ നായര്‍ക്കെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ തള്ളി അനൂപിന്റെ കുടുംബം. അനൂപ് പറഞ്ഞത് അയാളുടെ സ്വന്തം അഭിപ്രായം മാത്രമാണെന്നാണ് കുടുംബം പറയുന്നത്. വലിയ ആളാണെന്ന് നടിക്കാന്‍ ആണ് എന്‍എസ്എസിനെതിരെ അഭിപ്രായം പറയുന്നത്. ജനശ്രദ്ധ കിട്ടാന്‍ ജനറല്‍ സെക്രട്ടറിക്കെതിരെ തോന്നിവാസം പറയുന്നെന്നാണ് ബന്ധു പറയുന്നത്. ഫേസ്ബുക് പോസ്റ്റ് കണ്ടപ്പോള്‍ സന്തോഷം ആയില്ലേ എന്ന് വിളിച്ചു ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം അനൂപ് ചന്ദ്രന്‍ മാത്രമാണെന്ന ഗുരുതര ആരോപണവുമായി അനൂപിന്റെ സഹോദരന്റെ ഭാര്യ രാജശ്രീയും രംഗത്ത് വന്നു. എന്‍എസ്എസ് സ്ഥാപനത്തിലെ ജീവനക്കാരിയായ തന്നെ ട്രാന്‍സ്ഫര്‍ ചെയ്തത് അനൂപ് എന്‍എസ്എസിനെതിരെ പറഞ്ഞതിനാലാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ആല്ലാതെ എന്‍എസ്എസ് അങ്ങനെ ചെയ്യില്ലെന്നും ഇവര്‍ പറയുന്നു. എന്‍എസ്എസ് ഞങ്ങളെ ചതിക്കില്ലെന്നും ട്രാന്‍സ്ഫര്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും രാജശ്രീ കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് എല്‍പിഎസ് പാണാവള്ളിയില്‍ നിന്ന് അടൂരിലേക്കാണ് രാജശ്രീയെ ട്രാന്‍സ്ഫര്‍ ചെയ്തത്. ഇന്നലെയാണ് ഇത് സംബന്ധിച്ച ട്രാസ്ഫര്‍ ഓര്‍ഡര്‍ വന്നത്.തിരുവനന്തപുരം മന്നം ക്ലബ്ബില്‍ വെച്ച് നടത്താനിരുന്ന നായര്‍ സംരക്ഷണ സമിതിയുടെ 'ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍' എന്ന പുസ്തക പ്രകാശനം പ്രസ് ക്ലബ്ബില്‍ വച്ച് നടത്തിയപ്പോഴാണ് അനൂപ് ചന്ദ്രന്‍ സുകുമാരന്‍ നായരെ രൂക്ഷമായി വിമര്‍ശിച്ചത്. എന്‍എസ്എസ് കോളജുകള്‍ ഓരോന്നായി പൂട്ടി വരുകയാണെന്നും ഉണ്ടായിരുന്ന സ്വത്തുക്കളൊക്കെ വിറ്റെന്നും അനൂപ് ചന്ദ്രന്‍ ചടങ്ങില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് തന്റെ സഹോദരന്റെ ഭാര്യയെ ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന് ആരോപിച്ച് ഇന്ന് രാവിലെ അനൂപ് ചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

തന്റെ വിമര്‍ശനത്തിനുള്ള പ്രതികാര നടപടിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ചങ്ങനാശ്ശേരിയിലെ മാര്‍പ്പാപ്പയ്ക്ക് നല്ല നമസ്‌കാരം എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍, താന്‍ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു എന്ന് മനസ്സിലായെന്നും അനൂപ് ചന്ദ്രന്‍ കുറിച്ചു. വിമര്‍ശിച്ചതിന്റെ പേരില്‍ ഇങ്ങനെ പ്രതികാരം ചെയ്യുന്ന ജി സുകുമാരന്‍ നായരുടെ മാടമ്പിത്തരം ഇനി എത്രനാള്‍ വേണമെന്ന് എന്‍എസ്എസ് സമുദായം തീരുമാനിക്കുമെന്നും അനൂപ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കുടുംബം രംഗത്തെത്തിയത്.



إرسال تعليق

0 تعليقات