വലയില്‍ മീന്‍കുടുങ്ങിയെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി യുവതിയെ കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

 

പുറത്തൂര്‍ പടിഞ്ഞാറേക്കര തിരൂര്‍പ്പുഴയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. അമ്പലപ്പടി അണ്ടിപ്പാട്ടില്‍ ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. തിരൂരില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ പൂക്കയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 37കാരിയായ ഫൗസിയയാണ് കൊല്ലപ്പെട്ടത്.മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് പ്രതി കണ്ണൂരിലേക്ക് കടന്നെന്ന് പൊലീസ് മനസിലാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയെ തിരിച്ചറിഞ്ഞ ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരില്‍ നിന്നും ഇയാളെ പിടികൂടിയത്. ഫൗസിയയുടെ കഴുത്തില്‍ വരിഞ്ഞുമുറുക്കിയ പാടുണ്ടെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറേക്കര ബോട്ടുജെട്ടിയില്‍ മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്കിറക്കി നങ്കുരം ഉയര്‍ത്തുമ്പോഴാണ് അതില്‍ കുരുങ്ങിയ നിലയില്‍ ഒരു ചാക്ക് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ചാക്കിലുള്ളത് ഫൗസിയയുടെ മൃതദേഹമാണെന്ന് മനസിലായത്.വ്യാഴാഴ്ച പുലര്‍ച്ചെ കടലില്‍ വലയിട്ടപ്പോള്‍ മീന്‍ കുടുങ്ങിയെന്നും അതെടുക്കാന്‍ കൂടെവരണമെന്നും പറഞ്ഞാണ് ഉറങ്ങിക്കിടന്ന ഫൗസിയയെ പ്രതി വിളിച്ചുണര്‍ത്തി കൊണ്ടുപോയതെന്ന് മക്കള്‍ പറയുന്നു. രാവിലെ ഇരുവരെയും കാണാതായപ്പോള്‍ ജോലിക്ക് പോയതാകുമെന്നാണ് ഇവര്‍ കരുതിയത്. തുടര്‍ന്ന് മകന്‍ ജോലിക്കും മകള്‍ സ്‌കൂളിലേക്കും പോയി. വൈകിട്ടായിട്ടും ഇരുവരെയും കാണാതായതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. വീട്ടില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. വഴക്കിനിടെ ഫൗസിയയുടെ വസ്ത്രങ്ങള്‍ കീറിയിരുന്നു. പ്രാണരക്ഷാര്‍ത്ഥം അയല്‍വീട്ടിലാണ് അവര്‍ ആശ്രയം തേടിയത്.

Post a Comment

0 Comments