കുടുംബ ബജറ്റ് പൊള്ളും: സവാളയ്ക്ക് വിലക്കയറ്റം; പൂഴ്ത്തിവെയ്‌പ്പെന്ന് കേന്ദ്രം.

 

കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാളയുടെ വില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 62 രൂപ വരെ എത്തി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത ലാഭമെടുക്കല്‍ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമാവുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലൂടെയും മൊബൈല്‍ വാനുകളിലൂടെയും കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്.സവാള വില ഉയരുന്നതിന് ഇടനിലക്കാരാണ് ഉത്തരവാദികളെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് ന്യായമായ നിരക്കില്‍ സവാള വാങ്ങാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ സീസണിലെ ആവശ്യകത നിറവേറ്റാന്‍ ആവശ്യമായ സവാള രാജ്യത്ത് ലഭ്യമാണെന്നും കയറ്റുമതി നിരോധനം പരിഗണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നാഫെഡ്, എന്‍സിസിഎഫ് എന്നിവയുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, കേന്ദ്രീയ ഭണ്ഡാര്‍, മൊബൈല്‍ വാനുകള്‍ എന്നിവ വഴിയാണ് സബ്‌സിഡി നിരക്കില്‍ സവാള വില്‍ക്കുക. വിപണിയില്‍ ലഭ്യത വര്‍ധിപ്പിക്കുകയും സീസണല്‍ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുന്നതിനായി സര്‍ക്കാര്‍ ബഫര്‍ സ്റ്റോക്കിലുള്ള സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുകയാണ്. റെയില്‍വേ വഴിയും റോഡ് മാര്‍ഗവും പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കും.

അതേസമയം, കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും ചില്ലറ വിപണിയിലെ വിലയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. സര്‍ക്കാര്‍ നേരത്തെ ഇടപെട്ടിരുന്നുവെന്നും ചൗഹാന്‍ പറഞ്ഞു. സവാള വില കുത്തനെ ഇടിഞ്ഞ സമയത്ത് സര്‍ക്കാര്‍ നേരത്തെ ഇടപെട്ട് മഹാരാഷ്ട്രയിലെ കര്‍ഷകരില്‍ നിന്ന് സവാള സംഭരിച്ചിരുന്നു. കര്‍ഷകര്‍ തങ്ങളുടെ സ്റ്റോക്കിന്റെ ഭൂരിഭാഗവും വിറ്റുകഴിഞ്ഞതോടെയാണ് ചില്ലറ വില കിലോയ്ക്ക് 60 രൂപയിലേക്ക് ഉയര്‍ന്നതെന്നും, അന്തിമ വിലയില്‍ കര്‍ഷകര്‍ക്ക് ന്യായമായ വിഹിതം ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പല വിപണികളിലും സവാളയുടെ ചില്ലറ വില കിലോയ്ക്ക് ഏകദേശം 35 രൂപയില്‍ നിന്ന് 60-65 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏകദേശം 800 ടണ്‍ സവാള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് എത്തിച്ച് സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ വഴി കിലോയ്ക്ക് 35 രൂപ നിരക്കില്‍ വിറ്റഴിക്കും.



إرسال تعليق

0 تعليقات