വേനലവധിക്കാലത്തിന് വിരാമമിട്ട് യുഎഇ വീണ്ടും സജീവമായ തൊഴിൽ-വിനോദ കാലഘട്ടത്തിലേക്ക് കടക്കുമ്പോൾ സെപ്റ്റംബർ മാസത്തിൽ രാജ്യത്ത് കാത്തിരിക്കുന്നത് നിരവധി നിർണായക മാറ്റങ്ങളാണ്. സ്വദേശികൾക്കുള്ള നാഫിസ് (Nafis) ശമ്പള ആനുകൂല്യങ്ങളിലെ പുതിയ പരിഷ്കാരങ്ങൾ മുതൽ ഇത്തിഹാദ് റെയിൽ ശൃംഖലയുടെ വികസനം വരെ നീളുന്ന വൻ പദ്ധതികൾക്കാണ് ഈ മാസം യുഎഇ സാക്ഷ്യം വഹിക്കുന്നത്. കാലാവസ്ഥ തണുപ്പിലേക്ക് മാറുന്നതോടെ കായിക-വിനോദ രംഗത്തും സജീവമായ അന്തരീക്ഷം രൂപപ്പെടും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാർക്കായി പുതുക്കിയ നാഫിസ് ശമ്പള പരിഷ്കാരം സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരും. കുറഞ്ഞത് 6,000 ദിർഹം ശമ്പള പരിധി, കുട്ടികൾക്കുള്ള പ്രത്യേക അലവൻസുകൾ, പെൻഷൻ വിഹിതത്തിലെ മാറ്റങ്ങൾ എന്നിവ അടങ്ങുന്നതാണ് പുതിയ ചട്ടങ്ങൾ. 2026 സെപ്റ്റംബർ മുതൽ എത്തുന്ന പുതിയ ഗുണഭോക്താക്കൾക്കാണ് ഇത് ആദ്യം ബാധകമാകുക. നിലവിലുള്ളവർക്ക് ഘട്ടം ഘട്ടമായി മൂന്ന് വർഷത്തിനുള്ളിൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കും. ഗതാഗത മേഖലയിൽ ചരിത്രപരമായ മറ്റൊരു നാഴികക്കല്ലാണ് സെപ്റ്റംബർ 30-ന് ഇത്തിഹാദ് റെയിൽ കുറിക്കുന്നത്. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന യാത്രാ ട്രെയിൻ സർവീസിന്റെ ആദ്യഘട്ടത്തിന് ശേഷം, ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും ഈ മാസം മുതൽ പ്രവർത്തനസജ്ജമാകും. കൂടാതെ അടുത്ത വർഷത്തെ വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിനായുള്ള യുഎഇ പൗരന്മാരുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 14 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിനോദ-കായിക പ്രതിഭകളുടെ വലിയ നിരയാണ് ഈ മാസം യുഎഇയിലെത്തുന്നത്. സെപ്റ്റംബർ 11 മുതൽ 13 വരെ അബുദാബി അഡ്നെക് (ADNEC) സെന്ററിൽ മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ (MEFCC) നടക്കും. ബാസ്കറ്റ് ബോൾ ആരാധകർക്കായി സെപ്റ്റംബർ 18, 19 തീയതികളിൽ ഇത്തിഹാദ് അറീനയിൽ യൂറോലീഗ് ബാസ്കറ്റ് ബോൾ സൂപ്പർകപ്പ് മത്സരങ്ങളും അരങ്ങേറും. ദുബായ് നിവാസികൾക്കായി 'അൽ ഫ്രീജ് ഗാർഡനർ' പദ്ധതിയിലൂടെ കരീം (Careem) ആപ്പ് വഴി ഗാർഡനിങ് സേവനങ്ങളും ഈ മാസം മുതൽ ലഭ്യമാകും. അതേസമയം ചില പ്രധാന കാര്യങ്ങൾക്ക് സെപ്റ്റംബറിൽ താത്കാലിക വിരാമമാകും. അടുത്ത ഘട്ട നവീകരണ പ്രവർത്തനങ്ങൾക്കായി ദുബായിലെ പ്രശസ്തമായ 'മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ' സെപ്റ്റംബർ 1 മുതൽ താത്കാലികമായി അടച്ചിടും. വേനൽക്കാലത്ത് മാളുകളിൽ സംഘടിപ്പിച്ച ജനപ്രിയ ഫിറ്റ്നസ് പരിപാടിയായ 'ദുബായ് മാളത്തോൺ', തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം (Midday break) എന്നിവ സെപ്റ്റംബർ 15-ന് അവസാനിക്കും. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൂടുതൽ അത്യാധുനിക കാഴ്ചകളോടെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പിന്നീട് വീണ്ടും തുറക്കും.


.gif)


0 تعليقات