എവറസ്റ്റ്, എൽജി ബ്രാൻഡുകളുടെ കായം നിലവാരമില്ലാത്തത്; വിൽപ്പനയ്ക്ക് നിരോധനം


ഡല്‍ഹി: എവറസ്റ്റ്, എല്‍ജി എന്നീ കമ്പനികളുടെ കായപ്പൊടികള്‍ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി എഫ്‌എസ്‌എസ്‌എഐ.ഇതോടെ ഈ രണ്ട് പ്രമുഖ കമ്പനിയുടേയും കായപ്പൊടിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ ) അടിയന്തര വിലക്ക് ഏർപ്പെടുത്തി. ലാബ് പരിശോധനയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് നിലവാരമില്ലെന്നും തെറ്റായ ലേബലിങ് നടത്തിയെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഒരു ഉപഭോക്താവ് നല്‍കിയ പരാതിയെത്തുടർന്നായിരുന്നു എഫ്‌എസ്‌എസ്‌എഐ പരിശോധന നടത്തിയത്. എവറസ്റ്റിന്റെ കേന്ദ്രീകൃത ലൈസൻസുള്ള ഫാക്ടറിയില്‍ നിന്നും മുംബൈയിലെ എല്‍ജി ബ്രാൻഡ് യൂണിറ്റില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ശേഖരിച്ച എല്ലാ സാമ്പിളുകളിലും ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ ചട്ടപ്രകാരം കായത്തില്‍ കുറഞ്ഞത് 5% ആല്‍ക്കഹോളില്‍ ലയിക്കുന്ന ഘടകം ഉണ്ടായിരിക്കണം. എന്നാല്‍ പരിശോധിച്ച സാമ്പിളുകളില്‍ ഇത് 0 മുതല്‍ 3% വരെ മാത്രമാണ് കണ്ടെത്തിയത്. നിശ്ചിത അളവിലും 30 മുതല്‍ 40% വരെ കുറവാണ് അസംസ്കൃത കായം ഉപയോഗിച്ചതെന്നും പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. കൂടാതെ, മുംബൈയിലെ എല്‍ജി ബ്രാൻഡ് യൂണിറ്റില്‍ നിന്നുള്ള ആറ് തരം അസംസ്കൃത കായവും പരിശോധനക്ക് അയച്ചിരുന്നു. അസംസ്കൃത കായത്തില്‍ പരമാവധി 1% സ്റ്റാർച്ച്‌ മാത്രമാണ് അനുവദനീയമെങ്കിലും, ലാബ് പരിശോധനയില്‍ 15% മുതല്‍ 32% വരെ സ്റ്റാർച്ച്‌ അടങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. 12% ആല്‍ക്കഹോളില്‍ ലയിക്കുന്ന ഘടകം ഉണ്ടായിരിക്കേണ്ട സ്ഥാനത്താണിത്. ഉപഭോക്താക്കളുടെ ആരോഗ്യം മുൻനിർത്തിയാണ് ഈ മുൻകരുതല്‍ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നിലവില്‍ വിപണിയിലുള്ള നിലവാരമില്ലാത്ത കായപ്പൊടി നിരോധിക്കാൻ എഫ്‌എസ്‌എസ്‌എഐ ഇരുകമ്പനികളോടും നിർദേശിച്ചിട്ടുണ്ട്.



Post a Comment

0 Comments