കടുത്ത വേനൽച്ചൂട്; ദുബായ്‍യിൽ തൊഴിലാളികളുടെ ആരോഗ്യസുരക്ഷയ്ക്കായി പ്രത്യേക പദ്ധതി

 

ദുബായിലെ കടുത്ത വേനൽച്ചൂടിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി. ജിഡിആർഎഫ്എ ദുബായുടെ നേതൃത്വത്തിൽ ആണ് സമ്മർ വിത്തൗട്ട് റിസ്ക്സ് (Summer Without Risks) പദ്ധതി നടപ്പാക്കുന്നത്. വേനൽച്ചൂടിൽ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ച് തൊഴിലാളികളിൽ ബോധവത്കരണം നടത്തുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയിലൂടെ 8,350 തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നടത്തി. തൊഴിലാളികൾ ഏറെയുള്ള മുഹൈസ്ന, അൽ മങ്കൂൾ, അൽ ജദ്ദാഫ്, അൽ ഖുസൈസ്, അൽ മുറഖബാത്ത് മേഖലകളിലായിരുന്നു വിവിധ പ്രവർത്തനങ്ങൾ. മുഹൈസ്നയിൽ രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കി. കടുത്ത ചൂടിൽ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ഹീറ്റ് സ്ട്രെസ്, നേരിട്ടുള്ള സൂര്യപ്രകാശം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് തൊഴിലാളികൾക്ക് ബോധവത്കരണം നൽകി.


ചൂടിൽ ജോലി ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ആരോഗ്യകരമായ തൊഴിൽശീലങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ എന്നിവ സംബന്ധിച്ച ക്ലാസുകളും ബോധവത്കരണ സെഷനുകളും സംഘടിപ്പിച്ചു. ബോധവത്കരണത്തോടൊപ്പം തൊഴിലാളികൾക്ക് ജോലി സ്ഥലങ്ങളിൽ തന്നെ ആരോഗ്യ പരിശോധനയ്ക്കുള്ള സൗകര്യവും ഒരുക്കി. 28 ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിലാണ് 8,350 ആരോഗ്യ പരിശോധനകൾ നടത്തിയത്. വിവിധ ഭാഷകളിലാണ് ആരോഗ്യസുരക്ഷാ നിർദേശങ്ങൾ തൊഴിലാളികൾക്ക് നൽകിയത്.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നത് സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും ആരോഗ്യ സ്ഥാപനങ്ങളും ഒരുമിച്ച് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണെന്ന് ജിഡിആർഎഫ്എ–ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ചെയർമാനുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. വേനൽച്ചൂടിൽ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും ദുബായിലെ തൊഴിലിടങ്ങളിൽ സുരക്ഷാ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ജിഡിആർഎഫ്എ ദുബായ് വ്യക്തമാക്കി.



إرسال تعليق

0 تعليقات