സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ കേന്ദ്രം സര്‍ക്കാര്‍ നീക്കം. വനിതാ സംവരണ മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനാ ഭേദഗതി ബില്ലുകളായതിനാല്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിദേശ യാത്ര, SCO, BRICS തുടങ്ങിയ അന്താരാഷ്ട്ര യോഗങ്ങളും കണക്കിലെടുത്താകും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാനുള്ള തീയതി സംബന്ധിച്ച അന്തിമ തീരുമാനം.പ്രത്യേക സമ്മേളനത്തിന് മുമ്പ് സര്‍വകക്ഷി യോഗം വിളിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നോട്ടുവച്ച നിര്‍ദേശത്തെ തുടര്‍ന്നാണിത്. കൂടിയാലോചനകള്‍ ഇല്ലാതെ ബില്ലടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വനിതാ സംവരണവുമായി ബന്ധപ്പെട്ട മണ്ഡല പുനര്‍നിര്‍ണയത്തിന് വഴിയൊരുക്കുന്ന രണ്ട് ബില്ലുകള്‍ ഇതിനകം തന്നെ ലോക്‌സഭയുടെ പരിഗണനയിലുണ്ട്. എന്നാല്‍ ആവശ്യമായ മൂന്നില്‍-രണ്ട് ഭൂരിപക്ഷം ഉറപ്പിക്കുന്നതില്‍ സര്‍ക്കാരിനാവുമോ എന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം. സെപ്റ്റംബര്‍ മൂന്നാം ആഴ്ച്ച സമ്മേളനം ചേരാനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോർട്ട്. മൂന്ന് മുതല്‍ നാല് വരെ സിറ്റിങ്ങുകള്‍ നീണ്ടുനില്‍ക്കാനാണ് സാധ്യത. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട വനിതാ സംവരണ നിയമനിര്‍മാണം മാത്രമായിരിക്കും പ്രധാന അജണ്ട.
മണ്‍സൂണ്‍ സമ്മേളനത്തിന് ശേഷം ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും ഇതുവരെ ഔദ്യോഗികമായി നിര്‍ത്തിവച്ചിട്ടില്ല. അതിനാല്‍ ശീതകാല സമ്മേളനത്തിനായി കാത്തിരിക്കാതെ നിലവിലെ സമ്മേളനം തന്നെ വീണ്ടും വിളിച്ചുചേര്‍ത്ത് പ്രത്യേക സിറ്റിങ് നടത്താന്‍ സര്‍ക്കാരിന് കഴിയും. ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ സമാനമായ നടപടിയാണ് സ്വീകരിച്ചത്.
ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കാന്‍ ആവശ്യമായ അംഗബലം സംബന്ധിച്ചും സര്‍ക്കാര്‍ നേതൃത്വം വിലയിരുത്തല്‍ നടത്തിവരികയാണ്. എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങളും പുതിയ സഖ്യകക്ഷികളുടെ കൂറുമാറ്റവും എന്‍ഡിഎയുടെ അംഗബലം മെച്ചപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ അംഗബലം ഉറപ്പാക്കാനാകുമെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ സെപ്റ്റംബറില്‍ തന്നെ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സാധ്യതയുണ്ട്. അല്ലാത്തപക്ഷം മണ്‍സൂണ്‍ സമ്മേളനം ഔദ്യോഗികമായി നിര്‍ത്തിവച്ച് കൂടുതല്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ലഭിക്കുന്നതുവരെ കാത്തിരിക്കാനും സാധ്യതയുണ്ട്.



.gif)


0 تعليقات