മാരുതി കാറുകളുടെ വില 20,000 രൂപ വരെ കൂടും; വർധന ചില മോഡലുകളിൽ മാത്രമെന്ന് കമ്പനി


ന്യൂഡൽഹി: മാരുതി സുസൂക്കിയുടെ ചില കാറുകൾക്ക് 20,000 രൂപ വരെ വില വർധിക്കും. 2026 മെയ് മാസത്തിനു ശേഷം ഇത് മൂന്നാം തവണയാണ് വിലവർധനയുണ്ടാകുന്നത്. ഉൽപ്പാദനച്ചെലവ് കൂടിയതാണ് വില കൂട്ടുന്നതിനു പിന്നിലെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ രണ്ട് വിലവർധനയും മാരുതിയുടെ എല്ലാ മോഡലുകളെയും ബാധിച്ചിരുന്നു. വാഹനവിപണിയിൽ പൊതുവെ വിലക്കയറ്റത്തിന്റെ നാളുകളാണ്. ടാറ്റയും ഹ്യൂണ്ടായിയും വിലവർധന പ്രഖ്യാപിച്ചിരുന്നു. ഉത്സവ സീസൺ അടുക്കുന്നതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് വില കൂട്ടൽ നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ദീപാവലി ഉത്സവ സീസണിലാണ് ഇന്ത്യയിൽ ഏറ്റവുമധികം കാർവിൽപ്പന നടക്കാറുള്ളത്. 2026 സെപ്റ്റംബർ മുതൽ വിലവർധന നിലവിൽ വരും. പണപ്പെരുപ്പവും വിപണിയിലെ ചെലവുകളും ഉയർന്ന നിലയിൽ തുടരുന്നതിനാൽ, ചെലവ് വർധനവിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാൻ നിർബന്ധിതരാകുകയാണെന്ന് കമ്പനി റെഗുലേറ്ററി ഫയലിങ്ങിലൂടെ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മാരുതി വ്യക്തമാക്കി. അതെസമയം ഓഹരി വിപണിയിൽ മാരുതിക്ക് അനുകൂലമായ ചലനം സൃഷ്ട‌ിച്ചിരിക്കുകയാണ് ഈ വിലവർധന പ്രഖ്യാപനം. മാരുതിയുടെ ഏതൊക്കെ മോഡലുകൾക്കാണ് വില കൂട്ടുന്നതെന്ന് കമ്പനി ഇതുവരെ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. അരീന ബ്രാൻഡുകളെയും വില വർധന ബാധിക്കുമോയെന്ന് വ്യക്തമല്ല. അരീന റേഞ്ച് മോഡലുകളിൽ എസ്പ്രസോ, ആൾട്ടോ കെ10, സെലെറിയോ, വാഗൺ ആർ, ഈക്കോ, സ്വിഫ്റ്റ്, ഡിസൈർ, ബ്രെസ്സ, എർടിഗ, വിക്‌ടറീസ് എന്നീ മോഡലുകളാണ് വിൽക്കുന്നത്. നെക്‌സ റേഞ്ച് മോഡലുകളിൽ ഇ വിറ്റാര, ഇൻവിക്ടോ, ജിംനി, എക്സ്എൽ6, ഗ്രാൻഡ് വിറ്റാര ഫ്രോൺക്‌സ്, ബലെനോ എന്നിവ വരുന്നു. പ്രീമിയം കാറുകളാണ് നെക്‌സ ബ്രാൻഡിൽ വിൽക്കുന്നത്. ഇവയിൽ മാത്രമാകുമോ ഇപ്പോഴത്തെ വിലവർധനയെന്ന് വ്യക്തമായിട്ടില്ല.



Post a Comment

0 Comments