അസമിലെ ഗുവാഹത്തിയിൽ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി ഭർത്താവ്. 25 കാരിയായ റിയ താലൂക്‌ദാർ ഗോ സ്വാമിയെയാണ് ഭർത്താവ് രാമാനുജൻ ഗോ സ്വാമി (30) കൊലപ്പെടുത്തിയത്. ആറുമാസം മുൻപാണ് ഇരുവരും വിവാഹിതരായത്. ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം തല പ്ലാസ്‌റ്റിക് കവറിലാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയും, കയ്യിലെ വിരലുകൾ വെട്ടിമാറ്റുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പൊലീസിന് മുന്നിൽ കീഴടങ്ങിയ ഭർത്താവ് രാമാനുജൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഗുവാഹത്തിയിലെ ഹാതിഗാവ് ഏരിയയിലുള്ള ഫ്ലാറ്റിലാണ് സംഭവം നടന്നത്. ഫ്ലാറ്റിൽ നിന്ന് രൂക്ഷമായ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ബെഡ്റൂമിൽ രക്‌തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിൽ തലയില്ലായിരുന്നു. പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രിജിനുള്ളിൽ നിന്നാണ് വെട്ടിമാറ്റിയ തല പ്ലാസ്‌റ്റിക് കവറിലാക്കി സൂക്ഷിച്ചിരിക്കുന്നത് പൊലീസ് കണ്ടെത്തിയത്.മുറിച്ചുമാറ്റിയ നിലയിൽ റിയയുടെ വിരലുകളും കണ്ടെത്തിയിട്ടുണ്ട്. രണ്ടു ദിവസം മുൻപാണ് കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. ശനിയാഴ്ച്‌ച രാത്രിയിൽ ഫ്ലാറ്റിൽ നിന്ന് വലിയ രീതിയിലുള്ള ബഹളവും നിലവിളിയും കേട്ടിരുന്നതായി അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. ഫാൻസി ബസാർ ഏരിയയിലെ ബോട്ടിക് ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട റിയ. ദാമ്പത്യ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ‌്‌മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. പ്രതി രാമാനുജനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.





0 Comments