മധ്യപ്രദേശിലെ ഉജ്ജയിനില്‍ ചിതയില്‍ നിന്ന് മനുഷ്യശരീരഭാഗങ്ങള്‍ എടുത്ത് ഭക്ഷിച്ച സ്വയം പ്രഖ്യാപിത അഘോരി സ്ത്രീ അറസ്റ്റില്‍. ലേഡി അഘോരി എന്ന് സ്വയം വിളിക്കുന്ന കാളി നന്ദ് ഗിരിയെയാണ് ഉജ്ജയിന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ചിതയില്‍ നിന്നും മാംസം ഭക്ഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി.നന്ദ് ഗിരിക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 301, സെക്ഷന്‍ 25 ആയുധ നിയമം എന്നിവ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. കത്തുന്ന ചിതയില്‍നിന്ന് വാള്‍ കൊണ്ട് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കുത്തിയെടുത്താണ് ഇവര്‍ ഭക്ഷിച്ചത്. കാളി നന്ദ് ഗിരിയുടെ പ്രവൃത്തിക്കെതിരെ സന്യാസിമാരുള്‍പ്പെടെ രംഗത്തുവന്നു. ഇത്തരം പ്രവൃത്തികള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ജൂന അഖാരയിലെ മഹാമണ്ഡലേശ്വര്‍ ശൈലേശാനന്ദ ഗിരി പറഞ്ഞു.
ഇവരുടെ ആദ്യ വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ നന്ദ് ഗിരി ഉൾപ്പെടുന്ന മറ്റൊരു വീഡിയോകൂടി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. രണ്ടാമത്തെ വീഡിയോയിൽ, അവർ അതേ ശ്മശാനത്തിൽ വെച്ച് ചിതയിൽ നിന്നുള്ള ചാരം ശരീരത്തിന്റെ ചില ഭാഗങ്ങളിൽ പുരട്ടുന്നത് കാണാം. തന്നെ വിമർശിച്ചവരെ അവർ വെല്ലുവിളിച്ചതായും ആരോപിക്കപ്പെടുന്നുണ്ട്. വിമർശകരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകൾ ഇവർ നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, കാളി നന്ദ് ഗിരി പുരുഷനായാണ് ജനിച്ചതെന്നും അല്ലൂരി ശ്രീനിവാസ് എന്നായിരുന്നു ഇയാളുടെ യഥാർഥ പേരെന്നും റിപ്പോർട്ടുണ്ട്. പിന്നീട് ഇവർ ട്രാൻസ്ജെൻഡർ വ്യക്തിത്വം സ്വീകരിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.






0 تعليقات