കൃഷിക്കാരുടെ ആത്മാഭിമാനം വീണ്ടെടുക്കും: മന്ത്രി ടി സിദ്ദീഖ്

 



കൃഷിക്കാരുടെ ആത്മാഭിമാനവും കാര്‍ഷിക മേഖലയുടെ കരുത്തും വീണ്ടെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി-മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. പേരാവൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആത്മ കര്‍ഷക അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭക്ഷണം കഴിക്കുമ്പോള്‍ നമ്മള്‍ അന്നം തരുന്ന കര്‍ഷകരെപ്പറ്റി ചിന്തിക്കാറില്ല. അരിയുടെയും പച്ചക്കറികളുടെയും വിലയെക്കുറിച്ച് ചിന്തിക്കും. വിയര്‍പ്പിന്റെ ചൂരും മണ്ണിന്റെ ഗന്ധവുമുള്ള കര്‍ഷകരുടെ അധ്വാനത്തെപ്പറ്റി ഓര്‍ക്കാന്‍ പോലും നമുക്ക് സമയമില്ല. കാര്‍ഷികവൃത്തി രണ്ടാം തരമാണെന്ന ചിന്ത എല്ലായിടത്തും കടന്നുവന്നിട്ടുണ്ട്. മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അനിവാര്യമായ ജോലിയും ഉത്തരവാദിത്തപ്രവര്‍ത്തനവുമാണ് കൃഷി. മാന്യതയും അഭിമാനവുമുള്ള പ്രവര്‍ത്തനമാണത്. കര്‍ഷകരെ മാറ്റിനിര്‍ത്തി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം.  കര്‍ഷകരില്ലെങ്കില്‍ നമ്മളില്ല, കുടുംബമില്ല, സമൂഹമില്ല, ഒന്നുമില്ല. അതിനാല്‍ കര്‍ഷകരെ നിലനിര്‍ത്താനാവശ്യമായ, അവരുടെ കാലുകള്‍ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എന്നും കൃഷി വകുപ്പ് ഉണ്ടാകുമെന്ന ഉറപ്പ് നല്‍കുന്നതായും മന്ത്രി പറഞ്ഞു.  


കാര്‍ഷിക മേഖലയില്‍ നിന്നും അന്യംനിന്ന് പോകുന്ന പുതു തലമുറയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ കൃഷി വകുപ്പും സര്‍ക്കാരും പ്രതിജ്ഞാബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 500 വിദ്യാലയങ്ങളില്‍ കാര്‍ഷിക ക്ലബ്ബുകള്‍ തുടങ്ങിയത്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. വിഷാംശമുള്ള പച്ചക്കറികളാണ് നാം പലപ്പോഴും കഴിക്കുന്നത്. ജൈവകാര്‍ഷിക മേഖലയിലേക്ക് പോവുക എന്നതാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷാംശമടങ്ങിയ പച്ചക്കറികളെ പുറത്താക്കാമുള്ള മാര്‍ഗ്ഗം. വനിതാ കര്‍ഷകര്‍ക്കായി കൃഷിശക്തി എന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത് ഇതിന്റെ ഭാഗമായാണ്. ആത്മവിശ്വാസമുള്ളവരായി കൃഷിക്കാരെ കൃഷിയിടങ്ങളിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വരള്‍ച്ചയ്‌ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ടി സിദ്ദീഖ് അറിയിച്ചു.


 പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തുളസി ചെങ്ങാട്ട് ആമുഖഭാഷണം നടത്തി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ ചുമതലയുള്ള അജിത് മോഹന്‍ പദ്ധതി വിശദീകരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു കെ മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ നിഷ ബാലകൃഷ്ണന്‍ (പേരാവൂര്‍), ലിസി ജോസഫ് (കേളകം), സിസിലി കണ്ണന്താനം (കൊട്ടിയൂര്‍), ഡോ. ത്രേസ്യ പോള്‍ (കണിച്ചാര്‍), അഡ്വ. ജാഫര്‍ നല്ലൂര്‍ (മുഴക്കുന്ന്), സുരേഷ് ബാബു മാസ്റ്റര്‍ (മാലൂര്‍), പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ലിസമ്മ ജോസഫ്, ജയ്ഷ ബിജു, നൂറുദ്ദീന്‍ മുള്ളേരിക്കല്‍, അബ്ദുല്‍ റഷീദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയ്‌സണ്‍ കാരക്കാട്, നവ്യ സുരേഷ്, സിജു രാജീവന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി അശ്വതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ സജീവന്‍, മറ്റ് ജന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


മികച്ച സമിശ്ര കര്‍ഷകനുള്ള അവാര്‍ഡ് കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ കെ എ ജിന്റോയും വനിത കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ഷീജ മനോജും ഏറ്റു വാങ്ങി. കോളയാട് ഗ്രാമപഞ്ചായത്തിലെ വി ബാബു മികച്ച എസ് ടി കര്‍ഷകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ അജിത്ത് പീറ്ററാണ് മികച്ച ക്ഷീര കര്‍ഷകന്‍. ടി യു അജിത്ത് മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡ് നേടി. കേളകം ഗ്രാമപഞ്ചായത്തിലെ അമൃത ബിജു പ്രത്യേക ആദരവിന് അര്‍ഹയായി. തുടര്‍ന്ന് ആത്മ പേരാവൂര്‍ ബ്ലോക്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാറില്‍ മാലൂര്‍ കൃഷി ഓഫീസര്‍ ഷിനു തോമസ് ക്ലാസ്സെടുത്തു.

Post a Comment

0 Comments