തിരുവനന്തപുരം: കെ എസ് ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡ് പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നീക്കം. പുന:സംഘടനയില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പുനഃസംഘടിപ്പിക്കുമ്പോഴും രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമവിധി വന്നതിനുശേഷം ആയിരിക്കും അക്കാര്യത്തില്‍ തീരുമാനമെടുക്കുക. സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസിയേയും ബോര്‍ഡില്‍ നിന്ന് മാറ്റാനാണ് നീക്കം. പിരിച്ചുവിടല്‍ നീക്കത്തിനെതിരെ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം വഖഫ് ബോര്‍ഡ് പിരിച്ചു വിടാനുള്ള നീക്കത്തെ കുറിച്ച് അറിയില്ലെന്നാണ് കെ എസ് ഹംസ പ്രതികരിച്ചത്. നിലവില്‍ പ്രതികരിക്കാനില്ലെന്നും ഉത്തരവ് പുറത്തുവന്നതിനുശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിയമവഴികള്‍ തേടുമെന്ന് കെ എസ് ഹംസ നേരത്തെ വ്യക്തമാക്കിയിരുന്നു.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ തന്നെ വഖഫ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നയപരമായ തീരുമാനം ലീഗ് എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ രൂപീകരിക്കപ്പെട്ട വഖഫ് ബോര്‍ഡിന് അഞ്ച് വര്‍ഷം കാലാവധി ഉള്ളത് നിയമപരമായി ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പ്രതിസന്ധിയായിരുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്‌ലീങ്ങളെ ഉള്‍പ്പെടുത്താത്തനിതെനിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ബോര്‍ഡ് സര്‍ക്കാരിന് പുനഃസംഘടിപ്പിക്കാമെന്നുകൂടി കോടതി പറഞ്ഞത്. ആ പഴുത് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ലീഗിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉടന്‍ തന്നെ ബോര്‍ഡ് പിരിച്ചുവിട്ടുള്ള വിജ്ഞാപനം പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാട് തുടരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.മുത്തവല്ലി ആയ ഉമര്‍ ഫൈസി മുക്കത്തിന്റെ ഇടത് ആഭിമുഖ്യം ലീഗില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. സിപിഐഎം വേദിയില്‍ താന്‍ സഖാവാണെന്നടക്കം ഉമര്‍ ഫൈസി പറഞ്ഞത് വലിയ വിവാദമായിരുന്നു. ലീഗിനെതിരായ വിമര്‍ശനങ്ങളും പല ഘട്ടത്തില്‍ ഉമര്‍ ഫൈസി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തില്‍ അടക്കം ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഉമര്‍ ഫൈസി മുക്കത്തിനെക്കൂടി ബോര്‍ഡില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചത്. സമസ്തയിലെ ലീഗ് അനുകൂലികളുടെ കൂടി പിന്തുണ ഇതിനുണ്ട് എന്നാണ് വിവരം.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞത്. കോടതിയില്‍ മൂന്നോളം കേസുകള്‍ നിലവിലുണ്ട്. അതില്‍ എന്ത് തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് നിരീക്ഷിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുക. ബോര്‍ഡ് പുന:സംഘടിപ്പിക്കാം എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ ബോര്‍ഡ് നിയമനം ശരിയായല്ല നടന്നത് എന്ന കേസും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച ശേഷം മാത്രമാകും സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്നും നിലവില്‍ ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്.






0 Comments