മലയാള സിനിമയുടെ നിർമാണരംഗത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച നിർമ്മാതാവാണ് എം. രഞ്ജിത്ത്. ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി രഞ്ജിത് ഉണ്ടാകും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ നിരവധി ശ്രദ്ധേയ സിനിമകൾ മലയാളത്തിന് സമ്മാനിച്ച അദ്ദേഹം 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിലൂടെയാണ് നിർമ്മാതാവെന്ന നിലയിൽ ശ്രദ്ധേയനായത്.തുടർന്ന് ഇടുക്കി ഗോൾഡ്, കൂടെ തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളും വേറിട്ട സിനിമാഭാഷയും മുന്നോട്ടുവച്ച നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. 2025-ൽ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ തുടരും നിർമ്മിച്ചതും എം. രഞ്ജിത്തിന്റെ നിർമ്മാണയാത്രയിലെ ശ്രദ്ധേയ അധ്യായമായി. സിനിമാ വ്യവസായത്തിന്റെ കൂട്ടായ താൽപര്യങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
നിർമാണത്തിനൊപ്പം അഭിനയത്തിലും സംവിധാനത്തിലും എം. രഞ്ജിത്ത് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മുഖചിത്രം, കളിയൂഞ്ഞാൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനേതാവായി എത്തിയ അദ്ദേഹം 2013-ൽ ജെ. പള്ളാശ്ശേരിയുടെ തിരക്കഥയിൽ ബ്ലാക്ക് ബട്ടർഫ്ലൈ സംവിധാനം ചെയ്തു. സിനിമയെ വിവിധ തലങ്ങളിൽ സമീപിച്ച അനുഭവസമ്പത്താണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രത്യേകത. നടി ചിപ്പിയാണ് എം. രഞ്ജിത്തിന്റെ ഭാര്യ.





0 Comments