ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞ് ദിവസങ്ങളായിട്ടും സമ്മാനത്തിനായി കാത്തിരിപ്പ് തുടരുന്നു. സമ്മാനത്തുകയും ബോണസും ഇതുവരെ കിട്ടാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ലബ്ബുകൾ അറിയിച്ചു. ലക്ഷങ്ങൾ കടമെടുത്തും പിരിവെടുത്തുമാണ് ക്ലബ്ബുകൾ മത്സരത്തിൽ പങ്കെടുത്തത്. എന്നാൽ പണം എപ്പോൾ ലഭിക്കുമെന്നതിൽ വ്യക്തത വരുത്താതെ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി.
സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ ഗ്രാൻ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബോട്ട് റേസ് സോസൈറ്റി പറഞ്ഞു. ഫൈനലിലെ ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 25, 20, 15, 10 ലക്ഷം രൂപ വീതമാണ് ഇത്തവണ സമ്മാനത്തുകയായി ലഭിക്കുക.
വള്ളംകളി മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾക്കും മറ്റ് ചെലവുകൾക്കുമായി ഒന്നരകോടി മുതൽ രണ്ട് കോടി രൂപ വരെയാണ് ഒരു ചുണ്ടൻ വള്ളത്തിന് ചെലവഴിച്ചത്. 22 ചുണ്ടൻ വള്ളങ്ങളാണ് നെഹ്റുട്രോഫി വള്ളംകളിയിൽ പങ്കെടുത്തത്. അതിൽ ഒമ്പ് ചുണ്ടൻ വള്ളങ്ങളാണ് അവസാന റൗണ്ടിലെത്തിയത്. ഒന്നര മാസമാണ് ചുണ്ടൻ വള്ളങ്ങൾ പരിശീലനം നടത്തുക. അതിൽ വാടകയിനത്തിലും അറ്റകുറ്റപണികൾക്കുമായി വലിയൊരു തുക മാറ്റിവെക്കേണ്ടി വരും. ഓരോ ദിവസങ്ങളിലും പലിശയ്ക്ക് പണമെടുത്താണ് പല ക്ലബ്ബുകളും മത്സരത്തിനായുള്ള പരിശീലനത്തിനിറങ്ങിയത്. സ്പോൺസർഷിപ്പ് വഴിയും സ്വന്തമായി കടമെടുത്തുമെല്ലാം പണം കണ്ടെത്തിയവരാണ് കൂടുതൽ ക്ലബ്ബുകളും. സമ്മാനത്തിന് അർഹരായവർക്ക് ചെക്കുകൾ നൽകുകയായിരുന്നു ചെയ്തത്. പൈസ പിന്നീട് അക്കൗണ്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു.
ടൂറിസം വകുപ്പാണ് രണ്ട് കോടി രൂപ ഗ്രാൻ്റായി എൻടിബിസിക്ക് (നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി) നൽകേണ്ടത്. ആ തുക ഇതുവരെയും സർക്കാർ നൽകിയിട്ടില്ല. ഇത്തവണ റെക്കോഡ് ടിക്കറ്റ് വിറ്റുവരവാണ് രേഖപ്പെടുത്തിയത്. ഇതിലൂടെ വലിയൊരു തുക ടൂറിസം വകുപ്പിന് ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ഫാമിലി ടിക്കറ്റടക്കം വിറ്റുപോയിരുന്നു. മത്സരങ്ങളിലെ പ്രകടനത്തിനനുസരിച്ച് ബോണസടക്കം നൽകേണ്ടതുണ്ട്. ആ കാര്യത്തിലും ഇതുവരെ നീക്കമുണ്ടായിട്ടില്ല.
നെഹ്റു ട്രോഫി വള്ളംകളി കഴിഞ്ഞതോടെ ചാമ്പ്യൻ ബോട്ട്ലീഗിന് (സി ബി എൽ) ഒരുക്കം തുടങ്ങേണ്ടതുണ്ട്. നെഹ്റു ട്രോഫിയിൽ ആദ്യസ്ഥാനത്തെത്തുന്ന ഒമ്പത് വള്ളങ്ങളാണ് സിബിഎല്ലിൽ മത്സരിക്കുന്നത്. ആ ഒമ്പത് ചുണ്ടനുകളുടെ പേരുവിവരങ്ങൾ ടൂറിസം വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.






0 تعليقات