മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍


തിരുവനന്തപുരം: മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന അന്വേഷണത്തില്‍ നടന്നത് വന്‍ അട്ടിമറി. മരംമുറി ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയത് മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്നാണ് വിവരം. എസ്‌ഐടി തലവനായിരുന്ന എഡിജിപി എസ് ശ്രീജിത്തിന് മറ്റൊരു കേസിന്റെ ചുമതല നല്‍കി. ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് കണ്ടെത്തിയവരെക്കുറിച്ച് എസ്‌ഐടി അന്വേഷിച്ചില്ല. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതിയായ കേസുകള്‍ മാത്രമാണ് അന്വേഷണ സംഘം അന്വേഷിച്ചത്. അതിന്റെ കുറ്റപത്രം മാത്രമാണ് കൊടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍, ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥന്‍, വയനാട്ടിലെ കല്‍പ്പറ്റയിലുണ്ടായിരുന്ന ഒരു റേഞ്ച് ഓഫീസര്‍ എന്നിവരുടെയടക്കം പേരുകള്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. എന്നാല്‍, പൊലീസ് ഇത് ഒരുഘട്ടത്തിലും അന്വേഷിച്ചില്ല. അതിന് പിന്നില്‍ മുന്‍മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണെന്നാണ് വിവരം. ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ 2020 ഒക്ടോബര്‍ 24നാണ് വിവാദ ഉത്തരവിറങ്ങിയത്. 2021 ഫെബ്രുവരി നാലിന് ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. ഇക്കാലയളവില്‍ സംസ്ഥാനത്ത് 2600ലധികം മരങ്ങള്‍ മുറിച്ചുകടത്തി. മുട്ടില്‍ 108 ഈട്ടിമരങ്ങളില്‍ കോടാലി പതിച്ചു. 2021 ഫെബ്രുവരി ആറിന് പെരുമ്പാവൂരില്‍ നിന്ന് ഈട്ടിത്തടികള്‍ വനംവകുപ്പ് പിടികൂടി. മുട്ടില്‍ ഈട്ടിക്കൊള്ളക്ക് കാരണമായ വിവാദ ഉത്തരവിന് പിന്നിലെ ഗൂഢാലോചനയില്‍ അന്വേഷണമുണ്ടായില്ലെന്ന് ഇന്നലെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. അന്നത്തെ റവന്യൂ-വനംമന്ത്രിമാരുടെ ഓഫീസ് ഇടപെട്ടാണ് ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന നിലപാടിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. മുന്‍മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനാണ് വിവാദ ഉത്തരവിന് പിന്നിലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.



Post a Comment

0 Comments