നീ പോ മോനെ വിജയാ’; പിണറായിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി രേവന്ത് റെഡ്ഡി.

 

: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ 'നീ പോ മോനെ വിജയാ' എന്ന വിവാദ പരാമർശം ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെരഞ്ഞെടുപ്പ് സമയത്ത് താന്‍ കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞ മലയാളം വാക്ക് ആവര്‍ത്തിക്കുകയാണെന്ന് പറഞ്ഞായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം. നിലമ്പൂരില്‍ നടന്ന ആര്യാടന്‍ മുഹമ്മദ് അനുസ്മരണത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രതികരണം.നരേന്ദ്ര മോദി ജനാധിപത്യത്തിനെതിരെയാണ് പോരാടുന്നത്. ജനാധിപത്യത്തിനെതിരെ എങ്ങനെ ഭരണം ഉപയോഗിക്കാം എന്നാണ് ബിജെപി ചിന്തിക്കുന്നത്. വര്‍ഷക്കാലം ആരംഭിക്കുന്നത് കേരളത്തില്‍ നിന്നാണ്. നമ്മള്‍ പുറകോട്ട് നോക്കിയാല്‍ കേരളം കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കുന്ന സമയത്ത് കേന്ദ്രത്തിലും കോണ്‍ഗ്രസ്സ് എത്തും എന്നതാണ് ചരിത്രമെന്നും കരുണാകാരന്റെ കാലത്തെ ചരിത്രം സൂചിപ്പിച്ച് രേവന്ത് റെഡ്ഡി പറഞ്ഞു. പിണറായി വിജയന്‍ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. ഇന്ന് നല്ലൊരു കുളിര്‍ കാറ്റ് നമ്മളെ തലോടുന്നു. ആ കാറ്റ് ആഞ്ഞു വീശി കേരളത്തില്‍ നമ്മള്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. അത് ഒരു കൊടുങ്കാറ്റായി കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതിന് വഴി ഒരുക്കുമെന്നും രേവന്ത് റെഡ്ഡി പ്രസ്താവിച്ചു.

നരേന്ദ്ര മോദി എല്ലാം കട്ട് മുടിക്കുകയാണ്. യുവാക്കളുടെ ഭാവി ഇല്ലാതാക്കുന്നു. ജനാധിപത്യത്തെ, കൂട്ടായ്മയെ ബിജെപി ഇല്ലാതാക്കുന്നു. ഇന്ന് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് തുടക്കം കുറിക്കുകയാണെന്നും ഇതൊരു സുനാമിയായി മാറ്റി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തണം. കേരളത്തോട് എനിക്ക് പ്രിയം കൂടുതലാണ്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത് കേരളീയരാണ്. എന്റെ ബാക്കിയുള്ള സ്വപ്നം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുക എന്നതാണ്. ഇന്ന് രാജ്യം ഒരു മാറ്റത്തിനായി കൊതിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് മാത്രമേ വര്‍ഗീയ വാദികളുടെ കയ്യില്‍ നിന്ന് ഈ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ. ഗാന്ധി പരിവാറും സംഘ പരിവാറും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ കൂടെ ഉണ്ടാകണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു.



Post a Comment

0 Comments