'കാലാവസ്‌ഥ തകിടം മറിയും, കടലിൽ ക്ലോറോഫിൽ കുറയും'; മത്തി മുതൽ തിമിംഗലത്തിനു വരെ ഭീഷണി, കൊടും വരൾച്ചയോ

 

പസഫിക് സമുദ്രത്തിൻ്റെ ആഴങ്ങളിൽ നിശബ്ദ‌മായി രൂപപ്പെടുന്ന എൽ നിനോ പ്രതിഭാസം, ആഗോള കാലാവസ്‌ഥയെ മാത്രമല്ല സമുദ്രത്തിലെ ജീവന്റെ അടിസ്ഥഥാന കണ്ണിയെത്തന്നെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഐഎസ്ആർഒയുടെ 'ഓഷ്യൻസാറ്റ്-3'ബഹിരാകാശ പേടകം നൽകുന്ന ഏറ്റവും പുതിയ നിരീക്ഷണങ്ങൾ അനുസരിച്ച്, എൽ നിനോ പൂർണമായി രൂപപ്പെടുന്നതിന് മുൻപ് തന്നെ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലുടനീളം ഉൽപാദനക്ഷമതയിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. സമുദ്രജലത്തിന്റെ താപനിലയിലുണ്ടാകുന്ന അപൂർവമായ വർധനവ് സമുദ്ര ജീവികളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് ഇത് വ്യക്തമാക്കുന്നു.. എൽ നിനോ കാലാവസ്‌ഥയെ എങ്ങനെ ബാധിക്കുന്നു?

ലോകത്തു കാണപ്പെടുന്നതിൽ ഏറ്റവും ശക്‌തമായ രണ്ടു കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ലാ ലിനയും എൽ നിനോയും. പസിഫിക്കിന്റെ തെക്കുകിഴക്കൻ ഭാഗം ചൂടു പിടിക്കുന്നതാണ് എൽ നിനോ എന്ന പ്രതിഭാസം. ഭൂമിയിലെ കാലാവസ്‌ഥയുടെ അടിസ്‌ഥാന ഘടകങ്ങളിലൊന്നായ വാണിജ്യവാതങ്ങളുടെ ഗതി മാറ്റും. കിഴക്കു നിന്ന് പടിഞ്ഞാറോട്ടു വീശേണ്ട ഇവ ഗതി മാറുകയോ പല വഴിക്കായി ചിതറി പോവുകയോ ചെയ്യും. ഇത് ഭൂമിയിലെ എല്ലാ വൻകരകളിലെയും കാലാവസ്‌ഥയെ തകിടം മറിക്കും. ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറെ മേഖലയിൽ മാത്രം കനത്ത മഴയും മറ്റെല്ലാ പ്രദേശങ്ങളിലും കടുത്ത വരൾച്ചയ്ക്കും ഈ എൽ നിനോ കാരണമാകും. വടക്കേ അമേരിക്കയുടെ പടിഞ്ഞാറേ മേഖലയിൽ രൂക്ഷമായ ചുഴലിക്കാറ്റുകൾക്കും ഈ പ്രതിഭാസം കാരണമാകാറുണ്ട്. സാധാരണയായി കിഴക്കുനിന്ന് വീശുന്ന കിഴക്കൻ കാറ്റുകൾ ദുർബലമാവുകയും പടിഞ്ഞാറൻ കാറ്റുകളായി മാറുകയും ചെയ്യുന്നതാണ് എൽ നിനോയുടെ പ്രധാന ലക്ഷണം.പോഷക സമൃദ്ധി കുറയുന്നത് എന്തുകൊണ്ട്?

സമുദ്രങ്ങളിലും ജലാശയങ്ങളിലും കാണപ്പെടുന്ന സൂക്ഷ്‌മ സസ്യങ്ങളായ "ഫൈറ്റോപ്ലാങ്ക്‌ടണുകൾ' പ്രകാശസംശ്ലേഷണത്തിലൂടെ സ്വന്തമായി ഭക്ഷണം നിർമിക്കാൻ സഹായിക്കുന്ന പച്ച വർണവസ്‌തുവാണ് ക്ലോറോഫിൽ-എ.

ഇതാണ് സമുദ്രത്തിലെ ആഹാരശൃംഖലയുടെ പ്രധാന അടിത്തറ.ശക്തമായ വാണിജ്യവാതങ്ങൾ സമുദ്രോപരിതലത്തിലെ ചൂടുവെള്ളത്തെ തള്ളിമാറ്റുമ്പോൾ, ആഴക്കടലിൽ നിന്ന് തണുത്തതും പോഷകസമൃദ്ധവുമായ ജലം ഉപരിതലത്തിലേക്ക് ഉയർന്നു വരുന്നു. ഈ പ്രക്രിയയാണ് 'അപ്പ്വെല്ലിങ്'. വാണിജ്യവാതങ്ങൾ ദുർബലമാകുന്നതോടെ അപ്പ്വെല്ലിങ് നിശ്ചലമാകുകയോ മന്ദഗതിയിലാകുകയോ ചെയ്യുന്നു. പോഷകക്കുറവുള്ള ചൂടുവെള്ളം ഉപരിതലത്തിൽ കെട്ടിക്കിടക്കുന്നതിനാൽ ഫൈറ്റോപ്ലാങ്ക്ടണുകൾക്ക് ആവശ്യത്തിന് പോഷകം ലഭിക്കാതെ വരുന്നു. ഇതേത്തുടർന്ന് സമുദ്രത്തിലെ ക്ലോറോഫിൽ-എ സാന്ദ്രതയും മൊത്തത്തിലുള്ള ഉൽപാദനക്ഷമതയും കുറയുന്നു

.സമുദ്രജീവികൾ നേരിടുന്ന ഭീഷണി

ഉപരിതലത്തിൽ ക്ലോറോഫിൽ കുറയുന്നത് സമുദ്രജീവികൾക്ക് ഭക്ഷണലഭ്യത ഇല്ലാതാക്കുന്നു. ചെറുമീനുകൾ മുതൽ വൻകിട തിമിംഗലങ്ങൾ വരെയുള്ള ജീവികളുടെ നിലനിൽപ്പിന് ഇത് ഭീഷണിയാണ്. ഇത് ആഗോള മത്സ്യബന്ധന മേഖലയെയും സമുദ്ര ജൈവവൈവിധ്യത്തെയും ദോഷകരമായി ബാധിക്കും.. വരാനിരിക്കുന്നത് 'വെരി സ്ട്രോങ്' എൽ നിനോ?

ആഗോള കാലാവസ്‌ഥാ ഏജൻസികളുടെ മുന്നറിയിപ്പ് പ്രകാരം, ഈ വർഷം സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ "വളരെ ശക്തമായ' എൽ നിനോയ്ക്ക് സാധ്യതയുണ്ട്. ഈ പ്രതിഭാസം 2027 ഫെബ്രുവരി വരെ നിലനിൽക്കുമെന്നാണ് പ്രവചനം. പസഫിക് സമുദ്രത്തിലെ കുറഞ്ഞ ക്ലോറോഫിൽ മേഖല വരും മാസങ്ങളിൽ കൂടുതൽ വിശാലമാവുകയും സമുദ്രാവസ്ഥ കൂടുതൽ സങ്കീർണമാവുകയും ചെയ്യുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നു.



إرسال تعليق

0 تعليقات