ഹോൺ അടിച്ചത് ഇഷ്ടപ്പെട്ടില്ല, കാർ ഉടമയെ തടഞ്ഞു നിർത്തി ഭീഷണി; കൊച്ചിയിൽ വീണ്ടും സ്വകാര്യബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം

 

കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. ബസിന്റെ പിന്നിൽ നിന്ന് ഹോൺ അടിച്ചതിലെ പ്രകോപനത്തിൽ വഴിയിൽ തടഞ്ഞു നിർത്തി ജീവനക്കാരന്റെ ഭീഷണി. തുടർച്ചയായ മൂന്നാം ദിവസമാണ് കൊച്ചി ന​ഗരത്തിൽ ബസ് ജീവനക്കാർ പ്രശ്നം ഉണ്ടാക്കുന്നത്.കൊച്ചി കലൂരിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാറിന് മുന്നിൽ പുകതുപ്പി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നത് കണ്ണൂർ സ്വദേശി അൻസാർ. ഇയ്യാൾ ജോലിചെയ്യുന്ന സ്വകാര്യബസ് റോഡിന്റെ നടുക്ക് നിർത്തിയപ്പോൾ പിന്നിൽ വന്ന് ഹോൺ അടിച്ചതോടെയാണ് ഭീഷണിയായി അൻസാർ പുറത്തിറങ്ങിയത്. അസഭ്യം പറഞ്ഞ് റോഡിന് നടുവിൽ കാർ തടഞ്ഞ അൻസാർ യാത്ര തടസപ്പെടുത്തി നിൽക്കുകയായിരുന്നു.

കാറിലുണ്ടായിരുന്നവർ ഭയന്ന് പൊലീസിനെ വിളിച്ചുവരുത്തിയാണ് യാത്ര തുടർന്നത്. സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് ദിവസം മുൻപ് ഇടപ്പള്ളിയിൽ കാർ യാത്രക്കാരെ അക്രമിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം , സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ നോർത്ത് പാലത്തിന് സമീപം തടഞ്ഞ് നിർത്തി അക്രമിച്ച സംഭവവുമുണ്ടായിരുന്നു. കൊച്ചി ന​ഗരത്തിലെ സ്വകാര്യബസുകളുടെ അമിത വേ​ഗവും, ആക്രമണവും ഹൈക്കോടതി വരെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ചില ബസുകളിലെ ജീവനക്കാരുടെ അഴിഞ്ഞാട്ടവും ആക്രമണവും ഇപ്പോഴും തുടരുകയാണ്.



Post a Comment

0 Comments