മൊബൈൽ ഡാറ്റ ആവശ്യമില്ലെങ്കിലും മറ്റൊരു ഓപ്ഷനില്ലാത്തതിനാൽ കൂടിയ നിരക്കിൽ റീച്ചാർജ് ചെയ്യുന്നവരാണ് നമ്മളിൽ പലരും. വോയ്‌സ് കോളുകളും എസ്എംഎസും മാത്രം ആവശ്യമുള്ള ഉപഭോക്തക്കളെ വലിയ തുക ചെലവാക്കി റീച്ചാർജ് ചെയ്യിക്കാനും ഇത് നിർബന്ധിതരാക്കുന്നു. എന്നാൽ, സാധാരണ ഫോൺ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശം. ഡാറ്റ ഉപയോഗിക്കാത്തവർക്കായി വോയ്‌സ് കോളുകളും എസ്എംഎസും മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ നൽകാൻ ട്രായ് ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (13-ാം ഭേദഗതി) റെഗുലേഷൻസ് 2026 വഴിയാണ് ട്രായ് ഈ പുതിയ ഉത്തരവ് പുറത്തിറക്കിയത്. 30 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള കേളും എസ്എംഎസും മാത്രമുള്ള പ്ലാനുകൾ ലഭ്യമാക്കണമെന്ന് ട്രായുടെ പ്രധാന ഉത്തരവിൽ പറയുന്നു. എല്ലാ മാസവും ഒരേ തീയതിയിൽ തന്നെ പുതുക്കാവുന്ന രീതിയിലുള്ള റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കണം. ഡാറ്റ പ്ലാനുകൾക്ക് നൽകുന്നതുപോലെ ദീർഘകാല കാലാവധിയുള്ള വോയ്സ്-എസ്എംഎസ് പ്ലാനുകളും നൽകണമെന്നും നിർദ്ദേശമുണ്ട്. 2024ലെ ഭേദഗതിക്ക് ശേഷം ടെലികോം കമ്പനികൾ വോയ്സ് മാത്രമുള്ള പ്ലാനുകളുടെ എണ്ണം കുറച്ചതായും ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കളെപ്പോലും വിലകൂടിയ ഡാറ്റ പാക്കുകൾ വാങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്തതായി ട്രായ് കണ്ടെത്തി. ഇതിനുപിന്നാലെ 2026 ഏപ്രിൽ 7ന് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷമാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്. കൂടാതെ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ കോൾ സന്ദേശങ്ങളും സ്പാം കോളുകളും തടയാനുള്ള നടപടികളും ട്രായ് ശക്തമാക്കുകയും ചെയ്തു.






0 تعليقات