വനിതാ ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് പാകിസ്ഥാന ഇന്ത്യ തകർത്തത്. പാകിസ്ഥാൻ ഉയർത്തിയ 56 റൺസിന്റെ വിജയ ലക്ഷ്യം 68 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. നേരത്തെ തന്നെ ഇന്ത്യ സെമി ഉറപ്പാക്കിയിരുന്നു. ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ത്യൻ ടീം സെമിയിലേക്ക് മുന്നേറിയത്. സ്‌കോർ: പാകിസ്ഥാൻ – 18.1 ഓവറിൽ 55, ഇന്ത്യ – 8.4 ഓവറിൽ മൂന്നിന് 57. സന ഫാത്തിമയാണ് പാകിസ്ഥാന് വേണ്ടി മൂന്നുവിക്കറ്റ് നേടിയത്. 18 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. യുവതാരം ഷഫാലി വർമ ആദ്യ പന്തിൽ സിക്‌സർ പറത്തിയാണ് വിജയത്തിന് തറക്കല്ല് പാകിയത്. ആദ്യ ഓവറിൽ 9 റൺസ് ഇന്ത്യ നേടി. രണ്ടാം ഓവറിൽ പാക് ക്യാപ്റ്റൻ ഫാത്തിമ സന, നാലു പന്തിന്റെ ഇടവേളയിൽ ഷഫാലിയേയും (12) പ്രതിക റാവലിനെയും (4) എറിഞ്ഞിട്ടു. തൊട്ടടുത്ത ഓവറിൽ സ്മൃതി മന്ധാനയെ (9) കൂടി മടക്കി ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ദീപ്തി ശർമയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. ദീപ്തി 12 റൺസുമായി പുറത്താകാതെ നിന്നു.
തകർന്ന് പാക് ബാറ്റിങ് നിര
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പാക് നിരയിൽ ഓപ്പണർമാരായ ഷവാൽ സുൽഫിഖർ (14), മുനീബ അലി (13) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യയുടെ പ്രേമ റാവത്തും ശ്രീ ചരണിയും മൂന്നുവീതം വിക്കറ്റുകൾ നേടി പാകിസ്ഥാനെ വരിഞ്ഞുമുറുക്കി. ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് സ്വന്തമാക്കി. സ്പിന്നർ ഷെഫാലി വർമ മുനീബയെ ബോൾഡാക്കി ആദ്യ വിക്കറ്റ് നേടിയപ്പോൾ തൊട്ടടുത്ത ഓവറിൽ ശ്രീചരണി ഗുൽ ഫെറോസയെയും ഷവാൽ സുൽഫിക്കറിനെയും വീഴ്ത്തി. പ്രതിരോധത്തിലായ പാകിസ്ഥാന്റെ മധ്യനിരയും വാലറ്റവും തകർന്നതോടെ 18.1 ഓവറിൽ ടീം കൂടാരം കേറി.





0 Comments