അങ്ങനെ അതും തീരുമാനമായി ; ആ വൈറൽ വീഡിയോയും മെറ്റ ബ്ലോക്ക് ചെയ്തു.

 

പവർകട്ടിൽ വലയുന്ന ജനങ്ങൾ യുഡിഎഫ് സർക്കാരിനെതിരെ, അവരുടേതായ രീതിയിൽ പ്രതിഷേധം പ്രകടിപ്പിക്കുമ്പോൾ അതും സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്യപ്പെടുകയാണ്. കഴിഞ്ഞദിവസമാണ് എഐ കവല എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്ഇബി ജീവനക്കാരോടൊപ്പം ഡാൻസ് കളിക്കുന്ന എഐ വീഡിയോ വന്നത്. നിമിഷ നേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. മാധ്യമങ്ങളിലും ഇത് വാർത്തയായി. ക്രിയേറ്റീവായ, വെറൈറ്റി പ്രതിഷേധം എന്ന രീതിയിൽ ജനങ്ങൾ വീഡിയോ ഏറ്റെടുക്കുകയായിരുന്നു. ഏകദേശം ഒരു കോടിയോളം ആളുകൾ കണ്ടപ്പോഴേക്കും മെറ്റ വീഡിയോ നീക്കം ചെയ്യുകയായിരുന്നു. “അങ്ങനെ അതും തീരുമാനമായി” എന്ന തലക്കെട്ടോടെ എഐ കവല തന്നെയാണ് ഇക്കാര്യം അറിയിച്ചത്.വീഡിയോ വൈറലായതോടെ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഒരു പ്രസം​ഗത്തിൽ ഈ വീഡിയോയെ പറ്റി സൂചിപ്പിച്ച മുഖ്യമന്ത്രി, “മോഹൻലാലിനെയും തമിഴ് നടൻ വിജയിയേക്കാളും നന്നായി ഞാൻ ഡാൻസ് ചെയ്യുന്ന വീഡിയോ” എന്നാണ് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി വീഡിയോ അം​ഗീകരിച്ചതിൽ എഐ കവലയും സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ മെറ്റ ഈ വീഡിയോ നീക്കം ചെയ്യുകയായിരുന്നു. പൊതുവേദിയിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ച സന്തോഷം അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ലെന്ന് നിരവധി പേർ കമന്റു ചെയ്തു.

നേരത്തെ കൈരളി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ മുഖ്യമന്ത്രിക്ക് എതിരെ നൽകിയ വാർത്താ കാർഡുകൾ മെറ്റ സമാനമായി നീക്കം ചെയ്തിരുന്നു. തനിക്കെതിരെ വരുന്ന പോസ്റ്റുകൾ മെറ്റ നീക്കം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും താൻ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അന്ന് മുഖ്യമന്ത്രി മറുപടി നൽകിയത്. എന്നാൽ അതിനുശേഷവും മുഖ്യമന്ത്രി വി ഡി സതീശനെതിരെ വരുന്ന പോസ്റ്റുകളെല്ലാം സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.



Post a Comment

0 Comments