ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സംഗീതപ്രേമികളെ ദിവ്യമായ ശബ്‍ദത്താൽ ഭക്തിസാന്ദ്രമാക്കിയ ഭാരതരത്നം എംഎസ് സുബ്ബുലക്ഷ്മിയുടെ ജീവിതകഥ പറയുന്ന ബിഗ് ബഡ്ജറ്റ് പാൻ-ഇന്ത്യൻ ചിത്രത്തിന് ഔദ്യോഗിക തുടക്കം. പ്രശസ്ത നിർമ്മാതാക്കളായ അല്ലു അരവിന്ദ്, റോക്ക് ലൈൻ വെങ്കിടേഷ്, ബണ്ണി വാസ് എന്നിവർ സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രശ്മിക മന്ദാന എംഎസ് സുബ്ബുലക്ഷ്മിയായി വേഷമിടുമ്പോൾ, പ്രശസ്ത സംവിധായകൻ ഗൗതം തിന്നനുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീത ലോകത്ത് തരംഗമായ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് ഈണം പകരുന്നത്. എംഎസ് സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാർഷിക ദിനത്തിൽ ചെന്നൈയിലെ ചരിത്രപ്രസിദ്ധമായ മ്യൂസിക് അക്കാദമിയിൽ വെച്ചാണ് ചിത്രത്തിന്‍റെ ഗ്രാന്‍റ് ലോഞ്ച് ചടങ്ങുകൾ നടന്നത്. ഉലകനായകൻ കമൽഹാസൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആദ്യ ക്ലാപ്പ് അടിച്ചു. എംഎസ് സുബ്ബുലക്ഷ്മിയുടെ കുടുംബാംഗങ്ങൾ, പ്രശസ്ത കർണാടക സംഗീതജ്ഞർ, സിനിമാ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. “ശബ്‍ദത്തിലൂടെ ഇന്ത്യയെ ഒന്നിച്ചു നിർത്തിയ സംഗീത ഇതിഹാസമാണ് എംഎസ് സുബ്ബലക്ഷ്മി അമ്മ. സംസ്‌കൃതം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ അവർ പാടി. ഏത് ഭാഷയിൽ പാടിയാലും അതിന്‍റെ ഭംഗി ഇരട്ടിയാക്കാൻ അവരുടെ സംഗീതത്തിന് കഴിഞ്ഞു. മഹാത്മാഗാന്ധി പോലും അവരുടെ സംഗീതത്തിന്‍റെ വലിയൊരു ആരാധകനായിരുന്നു. ഇങ്ങനെയൊരു മഹത്തായ പ്രൊജക്റ്റ് ഏറ്റെടുത്ത നിർമ്മാതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്‍റെ എല്ലാവിധ ആശംസകളും” കമൽ ഹാസൻ പറഞ്ഞു. ഒരു നടി എന്ന നിലയിൽ തന്‍റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണിതെന്ന് രശ്മിക മന്ദാനയും പറഞ്ഞു. എംഎസ് അമ്മയുടെ 110-ാം ജന്മവാർഷികത്തിൽ എന്‍റെ പ്രണാമം അർപ്പിക്കുന്നു. അവരുടെ ജീവിതത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. ഈ കഥാപാത്രത്തെ സ്ക്രീനിൽ പൂർണതയോടെ എത്തിക്കാൻ നൂറു ശതമാനം ആത്മാർത്ഥതയും നൽകുമെന്നും രശ്മിക മന്ദാന പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി എംഎസ് സുബ്ബുലക്ഷ്മിയുടെ പേര് തങ്ങളുടെ ടീമിന് ഒരു മന്ത്രമാണെന്ന് സംവിധായകൻ ഗൗതം തിന്നനുരിയും പ്രതികരിച്ചു. അവർ കേവലം ഒരു ഗായിക മാത്രമല്ലെന്നും വലിയ സ്വപ്നങ്ങൾ കാണുകയും പ്രതിസന്ധികളെ ധീരമായി തരണം ചെയ്യുകയും ചെയ്ത ശക്തയായ ഒരു സ്ത്രീയായിരുന്നുവെന്നും ഗൗതം തിന്നനുരി വ്യക്തമാക്കി. കഴിഞ്ഞ 7-8 വർഷത്തെ ഗവേഷണത്തിനും പരിശ്രമത്തിനും ശേഷമാണ് ഈ ചിത്രം സാധ്യമാകുന്നതെന്ന് നിർമ്മാതാവ് റോക്ക് ലൈൻ വെങ്കിടേഷ് പറഞ്ഞു. എംഎസിന്റെ കഥാപാത്രത്തിന് പൂർണമായും അനുയോജ്യ രശ്മിക മന്ദാന തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





0 Comments