എസ്എംഎ ബാധിതർക്കായുള്ള മരുന്ന് മാറ്റിയതിൽ ഗുരുതര ആശങ്ക; ’12 വയസ് വരെയുള്ള കുട്ടികളിൽ മരുന്ന് പരീക്ഷണം നടത്താൻ പാടില്ല’: കെ കെ ശൈലജ


എസ്എംഎ ബാധിതരായ കുട്ടികൾക്ക് നൽകുന്ന മരുന്ന് മാറ്റിയതിൽ ഗുരുതര ആശങ്കയറിയിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികൾക്ക് നേരത്തെ നൽകിയിരുന്ന മരുന്ന് കൊണ്ട് വലിയ മാറ്റമുണ്ടായിരുന്നതായി രക്ഷിതാക്കൾ പറയുന്നുണ്ടെന്നും പുതിയ മരുന്ന് നൽകുന്നതിൽ അവർ ഭയപ്പെടുകയാണെന്നും കെ കെ ശൈലജ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയപ്പോഴായിരുന്നു പ്രതികരണം. 12 വയസുവരെയുള്ള കുട്ടികളിൽ മരുന്ന് പരീക്ഷണം നടത്താൻ പാടില്ലെന്ന് കെ കെ ശൈലജ വ്യക്തമാക്കി. മരുന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ജൂലൈയിലാണ് പുറത്തിറങ്ങിയതെന്നും ഇക്കാര്യത്തിൽ മന്ത്രി അറിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കെ കെ ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പിൽനിന്നുള്ള ഓരോ ഫയലും വിശദമായി പരിശോധിക്കേണ്ടതുണ്ട്. മരുന്ന് മാറ്റുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകമായി ഇടപെട്ടിട്ടുണ്ടോയെന്നും പരിശോധിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി വിഷയത്തിൽ വ്യക്തത വരുത്തണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്നു എന്നതുകൊണ്ടുമാത്രം അത് സ്വീകരിക്കാനാകില്ല. മരുന്നിന്റെ ഗുണമേന്മയ്ക്കാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടത്. കുറഞ്ഞ വിലയ്ക്ക് മരുന്ന് വാങ്ങിയാൽ കുട്ടികളുടെ ജീവനാണ് ആശങ്കിലാകുന്നതെന്നും അവർ പറഞ്ഞു. ക്ലിനിക്കൽ പരിശോധനകൾ നടത്തിയ മരുന്നുകളാണ് സാധാരണയായി ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. കുറഞ്ഞത് ബയോഇക്വിവലൻസ് പരിശോധനയെങ്കിലും നിർബന്ധമായും നടത്തണം. അതാണ് മെഡിക്കൽ എത്തിക്സെന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം അത്ര ലളിതമല്ലെന്നും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര പരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. മരുന്ന് നൽകുന്നത് പിൻവലിച്ചെന്ന് പ്രഖ്യാപിച്ചതുകൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.



Post a Comment

0 Comments