കോവളത്ത് സ്പായുടെ മറവിൽ പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിയായ 16കാരിയെ വിൽപന നടത്തുകയും പത്തോളം സ്പാകളിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ സജിത്, പൂവാർ സ്വദേശിയായ നിശാന്ത് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കേരളത്തിലെത്തിച്ച് വിൽപന നടത്തിയത് സഹോദരിയുടെ അമ്മയാണെന്നാണ് വിവരം. തുടർന്ന് ഏജന്റുമാർ മുഖാന്തരം കോവളത്തെ വിവിധ സ്പാകളിലേക്ക് പെൺകുട്ടിയെ കൈമാറി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന മിന്നൽ പരിശോധനകളുടെ ഭാഗമായി കോവളം, വർക്കല തീരദേശ മേഖലകളിലെയും തിരുവനന്തപുരം നഗരമധ്യത്തിലെയും സ്പാകളിൽ നടത്തിയ റെയ്ഡിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പല സ്പാകളും കേന്ദ്രീകരിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ എത്തിച്ച് സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടാതെ, ലൈസൻസില്ലാത്ത ഇത്തരം സ്ഥാപനങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഒത്താശ നൽകുകയും പരിശോധനകളിൽ കണ്ണടയ്ക്കുകയും ചെയ്യുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ള മറ്റ് കണ്ണികളെ കണ്ടെത്താൻ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




0 تعليقات