സെൻസസ് ചട്ടങ്ങളിൽ മാറ്റം കൊണ്ടുവന്നതിനെതിരെ സിപിഐഎം; ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് എംഎ ബേബി


സെൻസസ് ചട്ടങ്ങളിൽ മാറ്റം കൊണ്ടുവന്നതിനെതിരെ സിപിഐഎം രം​ഗത്ത്. ഭേദഗതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി രാഷ്ട്രപതിക്ക് കത്തെഴുതി. സെൻസസ് നടപടികൾക്ക് അനുയോജ്യരായ ആരെയും സംസ്ഥാനങ്ങൾക്ക് സ്വയം നിയമിക്കാം എന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അദ്ദേ​ഹം കത്തിൽ ചൂണ്ടിക്കാണിച്ചു. സെൻസസ് നടപടികൾ മറ്റൊരു എസ്ഐആർ ആകരുതെന്നും പുതിയ ഭേദഗതി രാഷ്ട്രീയ നിയമനങ്ങൾക്ക് വഴി വെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സെൻസസ് നടപടികൾ പൗരന്മാരെ നിരീക്ഷണത്തിനായുള്ള ഒരു ഉപാധിയായോ, പൗരത്വം നിർണ്ണയിക്കുന്നതിനുള്ള മാർ​ഗമായോ അല്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ആളുകളെ ഒഴിവാക്കുന്നതിനുള്ള ഉപകരണമായോ മാറ്റാൻ പാടില്ല. ഇത്രയധികം സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് വലിയ ആശങ്കകൾക്ക് വഴി വെക്കുന്നു. എത്രയും പെട്ടെന്ന് ഭേദഗതികൾ പിൻവലിക്കണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു. എയ്ഡഡ്-അൺഎയ്ഡഡ് സ്വകാര്യ അധ്യാപകർ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയിലെ ജീവനക്കാർക്ക് പുറമെ, സംസ്ഥാന സർക്കാരുകൾക്കോ കേന്ദ്രഭരണ പ്രദേശങ്ങൾക്കോ അനുയോജ്യമെന്ന് തോന്നുന്ന ഏതു വ്യക്തിയെയും സെൻസസ് എന്യൂമറേറ്ററായി നിയമിക്കാൻ പുതിയ ചട്ടം അനുവാദം നൽകുന്നുണ്ട്. ഇതിലെ ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്. മാതാപിതാക്കളുടെ മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാസ്‌പോർട്ട്, മൊബൈൽ നമ്പർ എന്നിവ ശേഖരിക്കുന്നത് ഉൾപ്പെടുത്തി 2026 ഓഗസ്റ്റ് 14ന് ഇറക്കിയ രണ്ടാം ഘട്ട ചോദ്യവലിയെക്കുറിച്ച് സിപിഐഎം ഓഗസ്റ്റ് 24ന് തന്നെ രജിസ്ട്രാർ ജനറലിന് പരാതി നൽകിയിരുന്നു.



Post a Comment

0 Comments