തൃശ്ശൂർ: കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു) തൃശ്ശൂർ ജില്ലാ സംഗമവും പുതിയ അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണവും പ്രതിഭയെ ആദരിക്കൽ ചടങ്ങും നടന്നു. ഞായറാഴ്ച രാവിലെ മോത്തിമഹൽ ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടന്ന സംഗമം കെഎംപിയു സംസ്ഥാന പ്രസിഡന്റ് പീറ്റർ ഏഴിമല ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ, വിഷ്വൽ മീഡിയകൾ കൂടുതൽ സമഗ്രമായി വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ തുടങ്ങിയതോടെ അച്ചടി മാധ്യമങ്ങൾ വെല്ലുവിളികൾ നേരിടുകയാണെന്ന് പീറ്റർ ഏഴിമല പറഞ്ഞു. എന്നാൽ സ്ഥിരമായി പെയ്ഡ് ന്യൂസ് പ്രസിദ്ധീകരിക്കപ്പെടുന്നത് ഓൺലൈൻ മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേവലം ഒരു കാഴ്ചയിൽനിന്ന് വായനക്കാരെയും പ്രേക്ഷകരെയും വലിയ കാഴ്ചപ്പാടിലേക്ക് നയിക്കുകയാണ് മാധ്യമങ്ങളുടെ ധർമ്മമെന്ന് എക്സ്പ്രസ് പത്രം തൃശ്ശൂർ ബ്യൂറോ ചീഫ് എഡിറ്റർ ഡേവിഡ് കണ്ണനായ്ക്കൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കോർപ്പറേറ്റുകൾ മാധ്യമരംഗത്തേക്ക് എത്തുന്നതിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളുണ്ട്. ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നത് പ്രാദേശിക മാധ്യമപ്രവർത്തകരാണ്. ഈ യാഥാർഥ്യവും തങ്ങളുടെ കരുത്തും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നുണ്ടോ എന്ന് ഓരോ പ്രാദേശിക മാധ്യമപ്രവർത്തകനും സ്വയം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കെഎംപിയു തൃശ്ശൂർ ജില്ലാ പ്രസിഡന്റ് മത്തായി കേരളം അധ്യക്ഷത വഹിച്ചു.
ദശാബ്ദങ്ങളായി തൃശ്ശൂർ ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ സെക്രട്ടറി ബിജു എടക്കളത്തൂരിനെ പീറ്റർ ഏഴിമലയും ഡേവിഡ് കണ്ണനായ്ക്കലും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.
കെഎംപിയുവിൽ പുതുതായി അംഗത്വം നേടിയവർക്കുള്ള ഐഡി കാർഡുകൾ ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്തു.
കെഎംപിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എ. ജോർജ്, തൃശ്ശൂർ ജില്ലാ സെക്രട്ടറി രംഗനാഥൻ, പാലക്കാട് ജില്ലാ പ്രസിഡന്റ് ബേബി മുല്ലമംഗലം, തൃശ്ശൂർ ജില്ലാ ട്രഷറർ എം.വി. ജോബി, ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് ദേശമംഗലം എന്നിവർ സംസാരിച്ചു.




0 Comments