കൊച്ചി: അടൂര്‍ പ്രകാശിനെ പിന്തുണച്ച് ജെബി മേത്തര്‍ എം പി. ആരുടെയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു പ്രതികരണം. കെ മുരളീധരന്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന നേതാവാണ്. അദ്ദേഹം ഇത്രയും കാലം പറഞ്ഞതൊക്കെ വ്യക്തിപരമായ അഭിപ്രായം ആണെന്നാണ് തന്റെ വിശ്വാസം. കെ മുരളീധരന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടെന്ന് പറഞ്ഞാല്‍ താന്‍ സമ്മതിക്കില്ല. അതുപോലെ തന്നെയാണ് അടൂര്‍ പ്രകാശും. വ്യക്തിപരമായ അഭിപ്രായങ്ങളാണ് അടൂര്‍ പ്രകാശ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും ആഭ്യന്തരമന്ത്രിയുമായി വിഷയം സംസാരിച്ചുവെന്നും ജെബി മേത്തര്‍ പറഞ്ഞു. മൊഴി നല്‍കാനാണ് കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്നും അവര്‍ വ്യക്തമാക്കി. അടൂർ പ്രകാശിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ടെന്നായിരുന്നു കെ മുരളീധരൻ്റെ പരാമർശം. അതാരാണെന്ന് താൻ പറയുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ആണുങ്ങളുടെ സർക്കാർ എന്ന പരാമർശത്തിൽ കെ സുധാകരനെയും മുരളീധരൻ പരിഹസിച്ചു. വന്ന് ടെസ്റ്റ് ചെയ്തു നോക്കണമെങ്കിൽ നോക്കാം എന്നായിരുന്നു സുധാകരനെതിരായ മുരളീധരൻ്റെ പരിഹാസം. മുഖ്യമന്ത്രി വി ഡി സതീശനെ ഉള്‍പ്പെടെ ലക്ഷ്യം വെച്ചുള്ള അടൂര്‍ പ്രകാശിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയായിരുന്നു. മാത്രമല്ല സിഎംആര്‍എല്‍ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച പിണറായി അനുകൂല നിലപാടിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുയർന്നു. നേതാക്കള്‍ ഇതിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുഡിഎഫില്‍ കൂടിയാലോചനകള്‍ ഇല്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നായിരുന്നു നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. ഇതിന് പിന്നാലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും രൂക്ഷ വിമര്‍ശനമാണ് അടൂര്‍ പ്രകാശ് ഉന്നയിച്ചത്. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചു പുറത്തുചാടിച്ചത് പോലെ യുഡിഎഫ് കണ്‍വീനറെയും പുറത്തുചാടിക്കാനുള്ള ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. ഇതിന് പിന്നില്‍ ഒരു ഉപജാപക സംഘം ഉണ്ടെന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ വിമാനയാത്രയില്‍ ജനങ്ങള്‍ക്ക് ഒരു സംശയവും ഉണ്ടാകാന്‍ പാടില്ലെന്നാണ് വി ഡി സതീശന്റെ വിവാദ ചാര്‍ട്ടേഡ് വിമാന യാത്രയില്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചത്.




0 Comments