കൊച്ചി: എറണാകുളം കടവുഭാഗത്ത് സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തനിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് ഉത്തരേന്ത്യന്‍ സ്വദേശിയാണെന്നാണ് പ്രതിയുടെ മൊഴി. ഉത്തരേന്ത്യന്‍ സ്വദേശിയായ വിക്രമിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ആക്രമണങ്ങള്‍ നടത്തിയതെന്ന് കസ്റ്റഡിയിലുള്ള എബിന് പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലുള്ള 'ബോസ്' എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എബിന് അംഗമായിട്ടുള്ള ലോറന്‍സ് ബിഷ്ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പില്‍ വിക്രം എന്നയാളും അംഗമാണെന്നും വിവരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. പ്രതി എബിന് പോള്‍ സിനഗോഗ് ഉള്‍പ്പെടെ മൂന്ന് ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എബിന് പോള്‍ ആദ്യം ആക്രമണത്തിന് ശ്രമിച്ചത് മൂവാറ്റുപുഴ മേക്കപ്പാടത്തുള്ള കെട്ടിടത്തിലാണെന്ന് പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിടുകയായിരുന്നു. 'ബോസ്' എന്ന ആളുടെ നിര്‍ദേശപ്രകാരമാണ് തീയിട്ടതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയെ ഈ കെട്ടിടത്തിലെത്തിച്ചും തെളിവെടുത്തു. പരിശീലനത്തിന്റെ ഭാഗമായാണോ ഇതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ഷോറൂം തീയിട്ടതില്‍ പ്രതിക്ക് പണം ലഭിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. കേസില്‍ യുഎപിഎ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോലഞ്ചേരി സ്വദേശിയായ പ്രതിക്ക് കാര്‍ ഷോറൂം തീയിട്ടതിന് അഡ്വാന്‍സായി അയ്യായിരം രൂപയോളം ക്രിപ്റ്റോയായാണ് ലഭിച്ചത്. ടെലഗ്രാം ഐഡി വഴിയായിരുന്നു ചാറ്റുകള്‍. സിനഗോഗ് ആക്രമണത്തിനും ഇയാള്‍ക്ക് പണം ലഭിച്ചിരുന്നു.




0 تعليقات