ദില്ലിയിൽ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടതും ട്രെയിൻ സർവീസുകൾ റദ്ദാക്കിയതും സംബന്ധിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി. ഹർജികൾ പരിഗണിക്കാൻ ഇന്ന് പ്രത്യേക സിറ്റിങ് നടത്തും. മെട്രോ സ്റ്റേഷനുകൾ പൂർണമായി അടക്കരുതെന്ന കോടതി നിർദേശങ്ങൾ അധികൃതർ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് പരിഗണിക്കുന്നത്. ജസ്‌റ്റിസുമാരായ ജോയ്മാല്യ ബാഗ്‌ച്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ഹർജി കേൾക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ദില്ലി പൊലീസ് കമ്മീഷണർ, ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ അധ്യക്ഷ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദില്ലിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം എന്നാവിശ്യപ്പെട്ടുള്ള സിജെപി – ഇടതുപക്ഷ സംഘടനകളുടെ സമരം ഇന്നും തുടരും. ഇന്നലെ പ്രഖ്യാപിച്ച സമരത്തെ പൊലീസ് അതിക്രൂരമായി നേരിട്ടിട്ടും വർധിത വീര്യത്തോടെ സമരം തുരാനാണ് ഇടതുനേതാക്കളുടെയും പ്രവർത്തകരുടെയും തീരുമാനം. ഇന്നലെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബൃന്ദ കാരാട്ട്, കെ എൻ ബാലഗോപാൽ, കെ കെ ശൈലജ ടീച്ചർ, ശ്രീമതി ടീച്ചർ, ഡോ. ജോൺ ബ്രിട്ടാസ് എംപി എന്നിവരെ അടക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അടക്കമുള്ളവരെ വിമാനത്തിനുള്ളിൽ വെച്ചുതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠിയെയും പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. പൊലീസ് നരനായാട്ടിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.




0 Comments