ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് രേഖകളിലും നമ്പർ പ്ലേറ്റുകളിലും മാറ്റം വരുത്തിയ ശേഷം മറ്റുള്ളവർക്ക് വീണ്ടും വാടകയ്ക്ക് നൽകി തട്ടിപ്പ് നടത്തിയ അഞ്ച് പ്രവാസികൾക്ക് ദുബായ് കോടതി തടവുശിക്ഷ വിധിച്ചു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കാറുകൾ ഉപയോഗിച്ച് മനഃപൂർവം അപകടങ്ങൾ സൃഷ്ടിച്ചതായും കണ്ടെത്തി. പ്രതികൾക്ക് പിഴ ചുമത്തിയതിന് പുറമേ കോടതി കേടുപാടുകൾ സംഭവിച്ചതും തിരികെ നൽകാത്തതുമായ വാഹനങ്ങളുടെ നഷ്ടപരിഹാരം സംയുക്തമായി അടയ്ക്കാനും ഉത്തരവിട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി നിർദേശിച്ചു. ദുബായിലെ വിവിധ കാർ വാടക കമ്പനികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. സാധുവായ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആഡംബര കാറുകൾ വാടകയ്ക്കെടുത്ത പ്രതികൾ കരാർ കാലാവധി കഴിഞ്ഞിട്ടും വാഹനങ്ങൾ തിരികെ നൽകിയില്ല. വാഹനങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ രജിസ്ട്രേഷൻ രേഖകളിലും നമ്പർ പ്ലേറ്റുകളിലും മാറ്റം വരുത്തുകയും. തുടർന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ കുറഞ്ഞ നിരക്കിൽ കാറുകൾ വാടകയ്ക്ക് നൽകാൻ പരസ്യം നൽകുകയും ചെയ്തു. യഥാർഥ വാടക കമ്പനികൾ അറിയാതെ വാഹനങ്ങൾ മറ്റുള്ളവർക്ക് വീണ്ടും വാടകയ്ക്ക് നൽകുകയായിരുന്നു. ഇതിലൂടെ പണം സമ്പാദിച്ച ശേഷം ചില വാഹനങ്ങൾ ഉപയോഗിച്ച് മനഃപൂർവം റോഡപകടങ്ങൾ സൃഷ്ടിക്കുകയും നാശനഷ്ടങ്ങളുടെ പേരിൽ ഇൻഷുറൻസ് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. യഥാർഥ അപകടങ്ങളാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അപകടങ്ങൾ ആസൂത്രണം ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. വാഹനങ്ങളുടെ ട്രാക്കിങ് സംവിധാനത്തിൽ അസാധാരണമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഒരു കാർ വാടക കമ്പനി പൊലീസിൽ പരാതി നൽകിയത്. നിരവധി വാഹനങ്ങൾ കാണാതായതായും കമ്പനി അറിയിച്ചു. തുടർന്ന് ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനങ്ങൾ അണ്ടർഗ്രൗണ്ട് പാർക്കിങ് കേന്ദ്രങ്ങളിൽ നിന്നും കണ്ടെത്തി. പരിശോധനയിൽ രേഖകളിൽ മാറ്റം വരുത്തിയതായി കണ്ടെത്തുകയും സംഘത്തിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാടക കരാറുകളുടെ ലംഘനവുമായി ബന്ധപ്പെട്ട സിവിൽ തർക്കം മാത്രമാണ് കേസിലുള്ളതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ വാഹനങ്ങൾ തിരികെ നൽകാതിരുന്നതിന് പുറമെ ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുകയും ഇൻഷുറൻസ് തുക നേടുന്നതിനായി അപകടങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തതായി കോടതി കണ്ടെത്തി. തുടർന്ന് അഞ്ച് പ്രവാസികളെയും കുറ്റക്കാരായി കണ്ടെത്തി തടവുശിക്ഷയും സാമ്പത്തിക പിഴകളും വിധിക്കുകയായിരുന്നു. കാണാതായതും കേടുപാടുകൾ സംഭവിച്ചതുമായ വാഹനങ്ങളുടെ മൂല്യം പ്രതികൾ സംയുക്തമായി തിരിച്ചടയ്ക്കണമെന്നും ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.




0 تعليقات