ദില്ലിയിലെ പ്രതിഷേധങ്ങൾക്കെതിരെ പൊലീസും കേന്ദ്രസേനയും അതിക്രൂരമായി ഇടപെടുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. പ്രതിഷേധത്തിൽ വിദേശ ഇടപെടലുണ്ടെന്ന ബിജെപി ആരോപണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ട്രംപിനെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നവരാണോ വിദേശ ഇടപെടലിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് പരിഹസിച്ചു. ദില്ലിയിൽ പ്രതിഷേധക്കാർക്കെതിരെ കൂലിപ്പട്ടാളത്തെപ്പോലെയുള്ള സംഘങ്ങളുടെ ഇടപെടലുണ്ടാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൂടുതൽ മാധ്യമങ്ങൾ സാന്നിധ്യമുള്ളതിനാലാണ് മേഖലയിൽ പൊലീസ് അതിക്രമങ്ങൾക്ക് മുതിരാത്തതെന്നും മറ്റ് ഇടങ്ങളിൽ സ്ഥിതി വ്യത്യസ്തമാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. സി ജെ പി നേതാവ് അഭിജിത് ദീപ്‌കെയെയും സംഘത്തെയും വിമാനത്തിൽ കയറി അറസ്റ്റ് ചെയ്ത നടപടിയെയും അദ്ദേഹം വിമർശിച്ചു. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടിയെങ്കിൽ, അഭിജിത്തും സംഘവും വിമാന റാഞ്ചികളല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ പൊലീസ് നടപടികൾക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് ജോൺ ബ്രിട്ടാസിന്റെ പ്രതികരണം. അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം എന്നാവിശ്യപ്പെട്ടുള്ള സിജെപി – ഇടതുപക്ഷ സംഘടനകളുടെ സമരം ഇന്നും തുടരും.





0 Comments