തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള രണ്ടാം റൗണ്ടിലെ ആവസാന മത്സരത്തില്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി കരുത്തരായ തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയെ നേരിടും. വൈകീട്ട് 7.30 ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ സ്വന്തം മൈതാനത്ത് തൃശൂര്‍ മാജിക് എഫ്‌സി തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ വാരിയേഴ്‌സ് ഇറങ്ങുന്നത്. കൊമ്പന്‍ ആണെങ്കിലോ സീസണിലെ ആദ്യ വിജയം സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ നേടാം എന്ന് ഉറച്ചും.
സൂപ്പര്‍ ലീഗ് കേരള സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഇതുവരെ ഒരു എവേ മത്സരം പോലും തോറ്റിട്ടില്ല എന്നത് ടീമിന് മുന്‍തൂക്കമാണ്. കഴിഞ്ഞ സീസണില്‍ ആദ്യ മത്സരത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ച് കണ്ണൂര്‍ വാരിയേഴ്‌സ് കൊമ്പന്‍സിനെ തോല്‍പ്പിച്ചിരുന്നു. സ്പാനിഷ് താരം അസിയര്‍ ഗോമസ് നയിക്കുന്ന അറ്റാക്കിംങ് തന്നെയാണ് കണ്ണൂരിന്റെ കരുത്ത്. കൂടെ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ ബോഗ്ദാനും വിങ്ങര്‍ നിജോ ഗില്‍ബേര്‍ട്ടും മുഹമ്മദ് സിനാനും. വാരോ അല്‍വാരോ നയിക്കുന്ന പ്രതിരോധ നിര ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗോള്‍ പോസ്റ്റില്‍ മതിലുപോലെ ഹജ്മല്‍ സക്കീറുമുണ്ട്. പ്രതിരോധത്തെയും ആക്രമണത്തെയും കോര്‍ത്തിണക്കുന്നത് ക്യാപ്റ്റന്‍ ലവ്‌സാംബയാണ്. കണക്കുകള്‍ നോക്കുമ്പോള്‍ മുന്‍തൂക്കം കണ്ണൂരിന് തന്നെ. എന്നാല്‍ കഴിഞ്ഞ സീസണില്‍ കണ്ണൂരിനെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ പരാജയപ്പെടുത്തിയ കരുത്തും തിരുവനന്തപുരം കൊമ്പന്‍സിന് പറയാനുണ്ടാകും. ആദ്യ മത്സരം കാലിക്കറ്റ് എഫ്‌സിയോട് പരാജയപ്പെട്ടതിനാല്‍ എന്ത് വിലകൊടുത്തും രണ്ടാം മത്സരം വിജയിക്കാനാകും കൊമ്പന്‍സ് ശ്രമിക്കുക. സൂപ്പര്‍ ലീഗ് കേരള കിരീടം നേടിയ പരിശീലകന്‍ ഇയാന്‍ ആന്‍ഡ്രൂ ഗില്ലന്‍ തന്നെയാണ് കൊമ്പന്‍സിന്റെ കരുത്ത്. വിങ്ങുകളില്‍ ആക്രമണം നടത്താന്‍ കേരള പ്രീമിയര്‍ ലീഗ് ജേതാവ് ജംഷീദ് അലിയും കളിനിയന്ത്രിക്കാന്‍ സൂപ്പര്‍ ലീഗിലെ തന്നെ പരിചയസമ്പന്നന്‍ ബ്രസീലിയന്‍ താരം പാട്രിക് മോട്ടയും അര്‍ജുന്‍ വിയും. കഴിഞ്ഞ വര്‍ഷം കണ്ണൂരിനായി കുപ്പായം അണിഞ്ഞ ഷിജിന്‍ ടിയും ഗോകുല്‍ എസും എത്തവണ കൊമ്പന്‍സിനൊപ്പമാണ്.




0 Comments