കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ.

 

കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കേസിലെ വിചാരണയ്ക്കായി സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കേണ്ടെന്ന തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും സർക്കാർ ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണം എന്നാണ് ജസ്റ്റിസ് ജി ഗിരീഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിച്ചുവെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പിന്നീട് തീരുമാനിച്ചു. ഇതിനെതിരെയാണ് കെഎം ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയും ഏകപക്ഷീയവുമായാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത് എന്നാണ് കെഎം ബഷീറിന്റെ ഭാര്യ സി ജസീല ഹൈക്കോടതിയില്‍ ഉയര്‍ത്തിയ ഗുരുതര ആക്ഷേപം.

കേസിന്റെ സങ്കീര്‍ണ്ണതയോ പ്രത്യേക സാഹചര്യങ്ങളോ സര്‍ക്കാര്‍ പരിഗണിച്ചില്ല. യാന്ത്രികവും ഏകപക്ഷീയവുമായാണ് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചത്. പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് മുന്‍പ് ഹൈക്കോടതിയില്‍ മുതിര്‍ന്ന പ്രോസിക്യൂട്ടര്‍ വഴി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണ്ണമായി പിന്മാറി. ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചത്. കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ ഐഎഎസ് ലോബി ഇടപെട്ടിട്ടുണ്ട് എന്നുമാണ് ഹര്‍ജിയിലെ ആരോപണം.പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്‍ ഇപ്പോഴും സര്‍വീസിലുള്ള ആളാണ്. ശ്രീരാം വെങ്കിട്ടരാമനെ സംരക്ഷിക്കാനായാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത് എന്നും കെഎം ബഷീറിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

100-ഓളം സാക്ഷികളും നിരവധി രേഖകളുമുള്ള ഗൗരവമേറിയ കേസാണിത്. ഇതിനായി 2023-ല്‍ മാത്രം നിയമിതനായ, മതിയായ പരിചയ സമ്പന്നതയില്ലാത്ത പ്രോസിക്യൂട്ടറെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇത് കൃത്യമായ വിചാരണ നടക്കാനുള്ള ഇരയുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും ആണ് ഹര്‍ജിയില്‍ ഉയര്‍ത്തുന്ന ആക്ഷേപം. ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

2019 ആഗസ്റ്റ് മൂന്നിനാണ് കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പൊലീസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.




Post a Comment

0 Comments