പാലക്കാട് ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. സംഭവത്തിൽ ബീഹാർ സ്വദേശിയായ ഷുക് ലാൽ മറിയയാണ് പിടിയിലായത്. ഒറ്റപ്പാലം – ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഉള്ള മൂന്നിടങ്ങളിലാണ് ഇത്തരത്തിൽ ഭാരം ഉള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്. മാന്നനൂർ, കാരക്കാട് എ -കാബിൻ പരിസരം, ഇതുകൂടാതെ മറ്റൊരു ഇടത്തും ഇത്തരത്തിൽ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. കോൺക്രീറ്റ് സ്ലാബും , റെയിൽ കഷ്ണവും, ഒരു ചാക്കിൽ കട്ടപിടിച്ച സിമന്റും കണ്ടെത്തിയ സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. ആർപിഎഫ് സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.




0 تعليقات