സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചതിന് പിടിയിലായവരില്‍ പകുതിയോളം പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍. നവംബര്‍ രണ്ട് മുതല്‍ എട്ട് വരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. ഒരാഴ്ചയ്ക്കിടെ മലപ്പുറം ജില്ലയില്‍ മാത്രം 220 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി ആകെ 99,181 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 453 നിയമലംഘനങ്ങള്‍ കണ്ടെത്തി.കൊല്ലം ജില്ലയില്‍ 59 കേസുകളും കണ്ണൂര്‍ നഗരത്തില്‍ 48 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പരിശോധിച്ചത് കൊച്ചി നഗരത്തിലായിരുന്നു. ഇവിടെ 10,961 വാഹനങ്ങള്‍ പരിശോധിച്ചെങ്കിലും മൂന്ന് കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്.കൊച്ചി ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് 55കാരന്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.
നിയമലംഘനം നടത്തുന്ന കുട്ടികള്‍ക്കും വാഹന ഉടമകള്‍ക്കും എതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഇത്തരം കേസുകളില്‍ പിടിയിലാകുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും കാലതാമസം നേരിടും. കുട്ടികള്‍ക്ക് വാഹനങ്ങള്‍ കൈമാറുമ്പോള്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.





0 Comments