കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന DRISHTI 2026ന്റെ ഒപ്റ്റോമെട്രി പ്രീ കോൺഫറൻസ് പരിപാടിയായ ഒപ്റ്റോവിഷൻ 2026 കണ്ണൂരിൽ നടന്നു.കണ്ണൂർ ഐ.എം.എ ഹാളിൽ ടി.ഒ. മോഹനൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക ചെയർപേഴ്സൺ ഡോ. സിമി മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
DRISHTI 2026 സംഘാടക സെക്രട്ടറി ഡോ. ശ്രീനി എടക്ലോൺ സ്വാഗതം പറഞ്ഞു. KSOS സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. സുജിത്ത് വി. നാരായണൻ പരിപാടിയുടെ ലക്ഷ്യങ്ങളും ശാസ്ത്രീയ പ്രാധാന്യവും വിശദീകരിച്ചു. കണ്ണൂർ ഒഫ്താൽമിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ശർമിൽ ഗോപാൽ, KSOS സയന്റിഫിക് കമ്മിറ്റി അംഗം ഡോ. എം.എസ്. വിജയലക്ഷ്മി എന്നിവരും സംസാരിച്ചു.
നേത്രചികിത്സാ രംഗത്ത് ഒപ്റ്റോമെട്രിസ്റ്റുകളുടെ പങ്ക് നിർണായകമാണെന്ന് സമ്മേളനം വിലയിരുത്തി. പ്രാഥമിക നേത്രപരിശോധന, കാഴ്ചശക്തി നിർണയം, കണ്ണടയുടെ പവർ കൃത്യമായി നിർദേശിക്കൽ, നേത്രരോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയൽ തുടങ്ങിയ മേഖലകളിൽ ഇവരുടെ സേവനം പ്രധാനമാണ്.
പുതിയ പരിശോധനാ സംവിധാനങ്ങളും സാങ്കേതികവിദ്യകളും വികസിക്കുന്ന സാഹചര്യത്തിൽ ഒപ്റ്റോമെട്രിസ്റ്റുകളുടെ അറിവും പ്രായോഗിക നൈപുണ്യവും നിരന്തരം പുതുക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചൂണ്ടിക്കാട്ടി. തുടർപരിശീലനത്തിലൂടെ കൂടുതൽ കൃത്യമായ പരിശോധനകളും നേത്രരോഗങ്ങൾ നേരത്തേ കണ്ടെത്തലും സാധ്യമാക്കുകയാണ് ലക്ഷ്യം.
നവംബർ 27 മുതൽ 29 വരെ കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ടിലാണ് DRISHTI 2026 സംസ്ഥാന സമ്മേളനം നടക്കുന്നത്. കണ്ണൂർ ഒഫ്താൽമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്, കാസർഗോഡ് ഒഫ്താൽമിക് സൊസൈറ്റികളുടെയും വയനാട് ഒഫ്താൽമിക് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.






0 Comments