വീട്ടുജോലിക്കാരിയായെത്തി വിശ്വാസം നേടി; വീട്ടിൽ നിന്ന് 31 പവൻ സ്വർണം കവർന്ന് മുക്കുപണ്ടം വെച്ച വയനാട് സ്വദേശിനി അറസ്റ്റിൽ.

 

വീട്ടുജോലിക്കാരിയായി എത്തി വിശ്വാസം പിടിച്ചുപറ്റി വീട്ടിൽ നിന്ന് 31 പവനോളം സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയും, പകരം അതേ സ്ഥാനത്ത് മുക്കുപണ്ടം വെച്ച് കടന്നുകളയുകയും ചെയ്ത കേസിൽ വയനാട് സ്വദേശിനിയെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു  വയനാട് വരയാല്‍ പേരിയ സ്വദേശിയായ ഉച്ചപ്പള്ളിയില്‍ പ്രേമ (50) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 


ഇരിട്ടി ഡിവൈ.എസ്.പി. ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം, ഇരിട്ടി ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ മേല്‍നോട്ടത്തില്‍ ഉളിക്കല്‍ എസ്.എച്ച്‌.ഒ. കെ.കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വയനാട്ടിലെത്തിയാണ് പ്രേമയെ അവരുടെ വീട്ടിൽ നിന്ന് പിടികൂടിയത്. 


ബെംഗളൂരുവില്‍ കുടുംബസമേതം താമസിക്കുന്ന പരാതിക്കാരിയായ മണിക്കടവിലെ ന്യായപ്പള്ളി നിമ്മിയുടെ ഉളിക്കലിലുള്ള വീട്ടിലാണ് ഈ വൻ കവർച്ച നടന്നത്. നേരത്തെ വയനാട്ടിലെ നിമ്മിയുടെ തോട്ടത്തില്‍ വിശ്വസ്തയായ ജോലിക്കാരിയായിരുന്നു പ്രേമ. പിന്നീട് ഉളിക്കലിലെ നിമ്മിയുടെ വീട്ടില്‍ അവശനിലയിലായിരുന്ന അമ്മയെയും മുത്തച്ഛനെയും പരിചരിക്കാനും വീട്ടുജോലികൾ നോക്കാനുമാണ് പ്രേമയെ ഇവർ വീട്ടുജോലിക്കാരിയായി നിയമിച്ചത്. ഏറെക്കാലമായി ഇവർ ഇവിടെ വിശ്വസ്തയായി ജോലി ചെയ്തുവരികയായിരുന്നു. അതിനിടയില്‍ നിമ്മിയുടെ അമ്മ മരണപ്പെട്ടു. തുടർന്ന് വീട്ടില്‍ ഒറ്റയ്ക്കായ മുത്തച്ഛനെ നിമ്മിയും കുടുംബവും ബെംഗളൂവിരിലേക്ക് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും, ഉളിക്കലിലുള്ള തറവാട് വീട് കൃത്യമായി വൃത്തിയാക്കാനും മറ്റ് കാര്യങ്ങൾ നോക്കാനുമായി പ്രേമയെ വീണ്ടും ചുമതലപ്പെടുത്തുകയായിരുന്നു.


ഇവർ ഇടയ്ക്കിടെ ഉളിക്കലില്‍ വന്ന് വീട് വൃത്തിയാക്കി ജോലിചെയ്ത്‌ മടങ്ങുമായിരുന്നു. ഇതിനിടയിലാണ് വീടിനുള്ളിലെ അലമാരയിൽ സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്ന കാര്യം പ്രതി മനസ്സിലാക്കിയത്. കഴിഞ്ഞ ദീപാവലി അവധിയോടനുബന്ധിച്ച് നിമ്മിയും കുടുംബവും ബെംഗളൂരുവിൽ നിന്നും ഉളിക്കളിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന വിലമതിക്കാനാവാത്ത സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം വീട്ടുകാർ ഞെട്ടലോടെ അറിയുന്നത്. നഷ്ടപ്പെട്ട യഥാർത്ഥ സ്വർണാഭരണങ്ങള്‍ക്ക് പകരം ആ സ്ഥാനത്ത് കൃത്യമായി മുക്കുപണ്ടങ്ങള്‍ മാത്രം മാറ്റിവെച്ചത് വീട്ടുജോലിക്കാരിയായ പ്രേമയിലേക്ക് സംശയങ്ങൾ നീളാൻ ഇടയാക്കി. തുടർന്ന് ഇക്കാര്യം പലതവണ പ്രേമയോട് ചോദിച്ചെങ്കിലും, അവൾ കുറ്റം സമ്മതിക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇതിനുശേഷമാണ് കുടുംബം ഉളിക്കൽ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്.


കഴിഞ്ഞ ഏപ്രില്‍ 5 മുതല്‍ നവംബർ 6 വരെയുള്ള വിവിധ തീയതികളിലാണ് വീടിന്റെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 31 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രേമ പടിപടിയായി കവർച്ചചെയ്ത്‌ കൊണ്ടുപോയത് എന്ന് പിന്നീട് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. നിമ്മിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ഉളിക്കല്‍ പോലീസ് ശാസ്ത്രീയമായ രീതിയിൽ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പ്രേമ കുറ്റം സമ്മതിച്ചത്. വീട്ടിൽ നിന്ന് നഷ്ടപ്പെട്ട സ്വർണാഭരണങ്ങള്‍ക്ക് വിപണിയിൽ ഏകദേശം 32 ലക്ഷത്തോളം രൂപ വില വരും. പ്രേമ കവർച്ചചെയ്ത ഈ സ്വർണാഭരണങ്ങള്‍ മുഴുവൻ കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും കൊണ്ടുപോയി പണയംവെച്ചതായി ചോദ്യംചെയ്യലില്‍ അവര്‍ പോലീസിനോട് സമ്മതിച്ചു 



Post a Comment

0 Comments