എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥ പ്രതിനിധികളുമായി ജില്ലയുടെ ജലവിതരണ സംവിധാനം സമഗ്രമായി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവ വകുപ്പില്‍ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ സംവിധാനങ്ങള്‍ പുനക്രമീകരിക്കും. എല്ലാ ന്യൂനതകളും പരിഹരിച്ചുകൊണ്ടുളള സമ്പൂര്‍ണ്ണ ജലനയമാണ് ലക്ഷ്യം. സംസ്ഥാന തലത്തിലുള്ള വാട്ടര്‍ കോൺക്ളേവ് ഇതിന്റെ ഭാഗമായി നടത്തും. എല്ലാ ജില്ലകളിലും ഒട്ടേറെ പദ്ധതികള്‍ ജലവിഭവ വകുപ്പിന് കീഴില്‍ പുരോഗമിക്കുകയാണ്. പ്രാദേശികമായി ഏറ്റവും ആവശ്യമുള്ളതിനെ മുന്‍ഗണന നല്കി പരിഗണിക്കണം. ഇവയെല്ലാം കാലതാമസമില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഒന്ന് രണ്ട് മൂന്ന് വര്‍ഷക്കാലയളവില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ പ്രത്യേകം തരംതിരിച്ച് ഇവ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ജല വിഭവ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സബ് ഡിവിഷന് ആവശ്യമുള്ള സ്ഥലങ്ങളില്‍ അനുവദിക്കും. മറ്റു സൗകര്യങ്ങളുടെ പരിമിതികളെല്ലാം പരിഹരിക്കുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.




0 تعليقات