ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പോയിൻ്റ് ടേബിളിൽ ഗുജറാത്ത് ഒന്നാമതും രാജസ്ഥാൻ നാലാമതുമാണ്. ഇന്നത്തെ കളി വിജയിച്ചാൽ രാജസ്ഥാൻ പട്ടികയിൽ ഒന്നാമതെത്തും. രാജസ്ഥാൻ തോറ്റാൽ ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കും.ശക്തമായ ഒരു സ്ക്വാഡ് ഉണ്ടായിട്ടും മോശം തീരുമാനങ്ങൾ കൊണ്ട് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. മുംബൈയോട് കഴിഞ്ഞ കളിയിൽ നേരിട്ട തോൽവിയടക്കം മോശം തീരുമാനങ്ങൾ കാരണമായിരുന്നു. ബാറ്റിംഗ് ഓർഡർ തന്നെയാണ് ജയിക്കാമെന്നുറപ്പുള്ള പല മത്സരങ്ങളും രാജസ്ഥാനെ പരാജയപ്പെടുത്തിയത്. അശ്വിൻ്റെ ബാറ്റിംഗ് ഓർഡർ, ദേവ്ദത്തിൻ്റെ ബാറ്റിംഗ് ഓർഡർ, ഹോൾഡറിൻ്റെ അണ്ടർ യൂട്ടലൈസേഷൻ തുടങ്ങിയ തീരുമാനങ്ങളൊക്കെ തിരിച്ചടിച്ചു. പല മത്സരങ്ങളിലും നേരിയ മാർജിനിലാണ് രാജസ്ഥാൻ തോറ്റത്. ഈ പരാജയങ്ങളിൽ മേല്പറഞ്ഞ മോശം തീരുമാനങ്ങൾ നിർണായകമായി. ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ഷിംറോൺ ഹെട്മെയർ എന്നീ പ്രധാന താരങ്ങളൊന്നും ഫോമിലല്ലാതിരുന്നിട്ടും രാജസ്ഥാന് വലിയ സ്കോറുകൾ പടുത്തുയർത്താൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. ഡെത്ത് ഓവർ ബൗളർമാരുടെ പോരായ്മയുണ്ടെങ്കിലും ടീമിൽ മാറ്റമുണ്ടാവില്ല.