ചട്ടുകപ്പാറ : കേരളത്തിൽ നിന്ന് ഭൗമസൂചിക പദവി ലഭിച്ച ഉത്പന്നങ്ങൾ ഇനി കുറ്റ്യാട്ടൂരിൽ നിന്ന് ലഭിക്കും. കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രത്യേക ഷോറൂം 'ദേശസൂചകം' ചട്ടുകപ്പാറയിൽ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. ഷോറൂമിനോട് ചേർന്ന് നാട്ടിലെ കൃഷിക്കാരുടെ തനത് ഉത്പന്നങ്ങൾ വിപണനം നടത്താനുള്ള ഫാർമേഴ്സ് മാർട്ടും ആരംഭിക്കും.
ജില്ലാ പഞ്ചായത്തിന്റെയും നബാർഡിന്റെയും സഹായത്തോടെ ആണ് ആരംഭിക്കുന്നത്. ആറൻമുള കണ്ണാടി, വയനാടൻ റോബെസ്റ്റോ കോഫി, മറയൂർ ശർക്കര, ഏഴോം പഞ്ചായത്തിലെ കൈപ്പാട് അരി, പാലക്കാടൻ മട്ട അരി, തലനാടൻ ഗ്രാമ്പു, ഓണാട്ടുകര എള്ള്, നവര അരി എന്നിവയും കുറ്റ്യാട്ടൂർ മാങ്ങയുടെ എല്ലാ മൂല്യവർധിത ഉത്പന്നങ്ങളും ഇവിടെ നിന്ന് ലഭിക്കും.
കൂടാതെ ബീഹാറിലെ പ്രസിദ്ധമായ സിക്കി പുല്ല് ഉപയോഗിച്ചുള്ള കരകൗശല ഉത്പന്നങ്ങളും ജാർഖണ്ഡിലെ പ്രത്യേകതരം ലോഹ പാത്രങ്ങളും ലഭിക്കും.