വയനാട്: സുൽത്താൻ ബത്തേരി നഗരത്തിൽ കരടി ഇറങ്ങി. കോടതി വളപ്പിൽ രാത്രി 11 മണിയോടെയാണ് കരടിയെ കണ്ടത്. അതുവഴി വന്ന യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നാലെ, വനംവകുപ്പ് സ്ഥലത്ത് പരിശോധന തുടങ്ങി. പുലർച്ചെ രണ്ടുമണിയോടെ, സുൽത്താൻ ബത്തേരിയിൽ നിന്ന് ഏറെ അകലെയല്ലാത്ത കോളിയാടിയിലും കരടിയെത്തി. കരടി ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുമുണ്ട്.
രണ്ടും ഒരു കരടിയാകാനാണ് സാധ്യത. ആർആർടി പ്രദേശം പരിശോധിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ജനവാസ മേഖലയിൽ കരടി എത്തിയതിൻ്റെ ആശങ്ക നാട്ടുകാർക്കുണ്ട്. കരടി ജനവാസ മേഖലയിൽ ഇറങ്ങുന്നത് അപൂർവമെങ്കിലും വയനാട്ടിൽ അടുപ്പിച്ച് രണ്ട് പ്രദേശങ്ങളിൽ ജനവാസ മേഖലയിലെത്തി. കഴിഞ്ഞ ഞായറാഴ്ച കൊയ്ലേരി ഭാഗത്ത് ഇറങ്ങിയ കരടി നാലുനാൾ ജനവാസ മേഖലയിലൂടെ സഞ്ചരിച്ചാണ് കാടുകയറിയത്.