മലപ്പുറം: പെരുമാറ്റദൂഷ്യത്തിന് സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്ത അധ്യാപകർ ജോലിക്ക് കയറാൻ ശ്രമിച്ചതോടെ ഇടപെട്ട് രക്ഷിതാക്കൾ. സസ്പെൻഷനിലായിട്ടും വീണ്ടും ക്ലാസെടുക്കാൻ സ്കൂളിലെത്തിയ അധ്യാപകരെ രക്ഷിതാക്കൾ ബലം പ്രയോഗിച്ച് പുറത്താക്കി. നിലമ്പൂരിലെ സ്വകാര്യ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ ദിവസം രാവിലെ ആണ് സംഭവം. രണ്ട് അധ്യാപകരെയാണ് പെരുമാറ്റദുഷ്യം ചൂണ്ടിക്കാട്ടി സ്കൂൾ മാനേജർ സസ്‌പെൻഡ് ചെയ്തത്.സ്‌കൂളിൽനിന്ന് വിദ്യാർഥികളുമായി നടത്തിയ ഉല്ലാസയാത്രയുമായി ബന്ധപ്പെട്ടാണു നടപടി. അച്ചടക്കനടപടിക്ക് വിധേയരായവർ ഉൾപ്പെടെ അധ്യാപകർ, വനിതകൾ ഉൾപ്പെടെ പിടിഎ പ്രതിനിധികൾ യാത്രയിൽ ഉണ്ടായിരുന്നു. യാത്രയ്ക്കിടെ ഇരുവരും മദ്യപിച്ചെന്നും മോശം പെരുമാറ്റം ഉണ്ടായെന്നും പിടിഎ പ്രതിനിധികൾ ഈ മാസം 13ന് പരാതി നൽകിയിരുന്നെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപകരെ സസ്പെൻഡ് ചെയ്തതെന്നും മാനേജർ പറഞ്ഞു.
ജനുവരി 15ന് രണ്ട് അധ്യാപകരേയും 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു. തുടർ നടപടിക്ക് റീജനൽ ഡപ്യൂട്ടി ഡയറക്ടർക്ക് കത്തും നൽകി. ഡപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. പ്രിൻസിപ്പൽ രേഖാമൂലം വിവരങ്ങൾ ചൈൽഡ് ലൈൻ, പൊലീസ് എന്നിവരെ അറിയിച്ചു. ഇരുവിഭാഗവും കുട്ടികളുടെ മൊഴിയെടുത്തു. എന്നാൽ കേസെടുത്തില്ല. നിയമനടപടിക്കില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചതാണ് കാരണമെന്ന് പൊലീസ് വിശദീകരിച്ചു.
സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ ദിവസം തീർന്നിരുന്നു. അന്ന് ഉച്ചയ്ക്ക് പിടിഎ യോഗം ചേർന്ന് 2 അധ്യാപകരെയും സ്‌കൂളിൽ പ്രവേശിപ്പിക്കരുതെന്ന് മാനേജ്‌മെന്റിന് കത്ത് നൽകി. ഉന്നതതല തീരുമാനം വരുന്നതുവരെ സ്‌കൂളിൽ വരേണ്ട എന്ന് അധ്യാപകരെ അറിയിച്ചതായി മാനേജർ പറഞ്ഞു. വിലക്ക് ലംഘിച്ച് അധ്യാപകർ സ്‌കൂളിലെത്തിയതോടെ പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. 2 പേർക്കും എതിരെ പ്രിൻസിപ്പൽ ഇന്നലെ വീണ്ടും പൊലീസിൽ പരാതി നൽകി.