തലശേരി: സിനിമ ചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് യഥാർഥത്തിൽ നിർമിച്ചു ഷൂട്ടിങിനു ശേഷം തലചായ്ക്കാനിടമില്ലാത്ത നിർധന കുടുംബത്തിന് കൈമാറിയതോടെ മലയാള സിനിമ മേഖലയിൽ പിറന്നത് പുതുചരിത്രം. ഷൂട്ടിങ്ങിനായി സെറ്റിടാതെ യഥാർഥ വീട് നിർമിക്കുകയും രണ്ടു മാസം നീണ്ട ചിത്രീകരണത്തിനുശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറുകയും ചെയ്തതോടെ ചലച്ചിത്ര പ്രവർത്തകർ സോഷ്യൽ മീഡിയയിലും കൈയടി നേടിയിരിക്കുകയാണ്.ക്രീയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിച്ച്, ലിജു തോമസ് സംവിധാനം ചെയ്യുന്ന, 'അൻപോട് കൺമണി' എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശേരിയിൽ പൂർത്തിയായതിനു ശേഷമായിരുന്നു അണിയറ പ്രവർത്തകരുടെ മാതൃകാ പ്രവർത്തി. വീടിന്റെ താക്കോൽദാന കർമം ചലച്ചിത്രതാരം സുരേഷ് ഗോപി ആണ് നിർവഹിച്ചത്.സാധാരണ, കോടികൾ ചെലവിട്ട് സെറ്റ് വർക്ക് ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമിച്ച് അവിടെവെച്ച് ഷൂട്ടിങ് നടത്തിയശേഷം ആ വീട് കൈമാറിയതോടെ മലയാള സിനിമ മേഖലയിൽ അനുകരണീയമായ നല്ലൊരു മാതൃകയ്ക്കും കൂടി തുടക്കമിടുകയാണ്, 'അൻപോട് കൺമണി' എന്ന സിനിമയുടെ അണിയറ പ്രവർത്തകർ. കേരളീയ മാതൃകയിൽ നിർമിച്ച അതിമനോഹരമായ വീടാണ് കുടുംബത്തിന് കൈമാറിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.